Thanks for watching! Content unlocked for this session.

കൊച്ചി കലൂരിൽ പെൺകുട്ടികൾക്ക് നേരെ ക്രൂരമായ ആക്രമണം; ഫോൺ തല്ലിത്തകർത്തു, നിലത്തിട്ട് ചവിട്ടി

കൊച്ചി കലൂർ ചക്കാലപ്പാടം റോഡിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് പെൺകുട്ടികൾക്ക് നേരെ ഒരു സംഘം ആളുകളുടെ ക്രൂരമായ ആക്രമണം നടന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. പാർട്ട് ടൈം ജോലിയും പഠനവും നടത്തുന്ന പെൺകുട്ടികൾ തങ്ങളുടെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടയിലാണ് ആക്രമണത്തിന് ഇരയായത്.

വഴിയിൽ നിന്നിരുന്ന ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘം പെൺകുട്ടികൾക്ക് നേരെ ലൈംഗിക ചുവയോടെയുള്ള കമന്റുകളും അധിക്ഷേപങ്ങളും നടത്തുകയായിരുന്നു. പെൺകുട്ടികൾ വേഗത്തിൽ നടന്നുപോകാൻ ശ്രമിച്ചപ്പോൾ സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ഇവരെ തിരികെ വിളിച്ചുവരുത്തി. തുടർന്ന് പെൺകുട്ടികളുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് പൂർണ്ണമായി നശിപ്പിച്ചു.

ഫോൺ തിരികെ എടുക്കാൻ ശ്രമിച്ച പെൺകുട്ടികളെ സംഘം ക്രൂരമായി മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. തലമുടിയിൽ പിടിച്ച് നിലത്തടിക്കുകയും കാലിൽ പിടിച്ച് വലിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. പരിക്കേറ്റ പെൺകുട്ടികളിൽ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എറണാകുളം നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജ്ജിതമാക്കി.