Thanks for watching! Content unlocked for this session.

പെട്രോളിൽ എഥനോൾ പോലെ ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്താൻ കേന്ദ്ര നീക്കം

രാജ്യത്ത് വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനും ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്തുന്നത് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. പെട്രോളിൽ എഥനോൾ ചേർത്തതിന് സമാനമായ ഈ പദ്ധതി ഈ വർഷം അവസാനത്തോടെയോ അല്ലെങ്കിൽ 2026-ഓടെയോ നടപ്പിലാക്കിയേക്കുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സെക്രട്ടറി വി. ഉമാശങ്കർ സൂചന നൽകിയത്.

ഡീസലിന് പകരം 100 ശതമാനം വരെ ഐസോബ്യൂട്ടനോളിൽ പ്രവർത്തിക്കാൻ സാധിക്കുന്ന ഫ്ലെക്സ് ഫ്യുവൽ എഞ്ചിനുകളുടെ സാധ്യതകളെക്കുറിച്ച് പഠിക്കാൻ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയെ (ARAI) ഗതാഗത മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം ഇതിനകം തന്നെ ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്തുന്നതിനെക്കുറിച്ച് വിജയകരമായ ഗവേഷണങ്ങൾ നടത്തിവരികയാണ്. ഇന്ത്യയിൽ പെട്രോളിനേക്കാൾ ഇരട്ടിയാണ് ഡീസൽ ഉപയോഗം എന്നതിനാൽ ഈ നീക്കം ഇന്ധന സുരക്ഷയിൽ വലിയ മാറ്റമുണ്ടാക്കും.

എഥനോളിൽ നിന്ന് വികസിപ്പിച്ചെടുക്കുന്ന ഒരു ജൈവ ഇന്ധനമാണ് ഐസോബ്യൂട്ടനോൾ. എഥനോളിനേക്കാൾ കൂടുതൽ ഊർജ്ജസാന്ദ്രതയുള്ളതും തുരുമ്പെടുക്കാനുള്ള സാധ്യത കുറഞ്ഞതുമായതിനാൽ ഡീസലിൽ കലർത്താൻ ഏറ്റവും അനുയോജ്യമായ ഒന്നാണിത്. ഐസോബ്യൂട്ടനോൾ കലർത്തിയ ഡീസൽ ഉപയോഗിക്കുന്നത് വഴി എഞ്ചിന്റെയോ എക്സ്ഹോസ്റ്റ് സിസ്റ്റത്തിന്റെയോ പ്രവർത്തനത്തെ ബാധിക്കാതെ തന്നെ മലിനീകരണം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.