Thanks for watching! Content unlocked for this session.

ദിവസവും ചെറുപയർ കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

നമ്മുടെ അടുക്കളകളിൽ സാധാരണയായി ഉപയോഗിക്കുന്ന ചെറുപയർ കേവലം ഒരു ധാന്യമല്ല, മറിച്ച് ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു മികച്ച സൂപ്പർഫുഡ് ആണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ദിവസവും ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാനും സഹായിക്കും.

സസ്യഭുക്കുകൾക്കും കായികപരിശീലനം നടത്തുന്നവർക്കും ഏറ്റവും അനുയോജ്യമായ ചെറുപയറിൽ, 100 ഗ്രാമിൽ 22 മുതൽ 24 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിലെ ബയോആക്ടീവ് പെപ്റ്റൈഡുകൾ കോശങ്ങളുടെ കേടുപാടുകൾ തീർക്കാൻ സഹായിക്കുമെന്ന് ജേർണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ന്യൂട്രിഷൻ വ്യക്തമാക്കുന്നു. കൂടാതെ, കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സ് ഉള്ള ചെറുപയറിലെ വൈറ്റെക്സിൻ, ഐസോവൈറ്റെക്സിൻ എന്നീ ആന്റിഓക്സിഡന്റുകൾ ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു.

ഹൃദയാരോഗ്യത്തിന് ആവശ്യമായ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ ചെറുപയർ ചീത്ത കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്നു. മറ്റ് പയറുവർഗ്ഗങ്ങളെ അപേക്ഷിച്ച് എളുപ്പത്തിൽ ദഹിക്കുന്ന ചെറുപയറിലെ ലയിക്കുന്ന നാരുകൾ കുടലിന്റെ ആരോഗ്യത്തിനും അമിതവണ്ണം കുറയ്ക്കാനും ഉത്തമമാണ്. ചെറുപയർ മുളപ്പിച്ചു കഴിക്കുന്നത് വിറ്റാമിൻ സി, ഇരുമ്പ് എന്നിവയുടെ അളവ് വർദ്ധിപ്പിക്കുകയും വിളർച്ച തടയാൻ സഹായിക്കുകയും ചെയ്യും.