Thanks for watching! Content unlocked for this session.

ആഭ്യന്തര വകുപ്പില്‍ മിന്നല്‍ നീക്കങ്ങള്‍; എഡിജിപി അജിത് കുമാറിനെതിരെ നടപടി

നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ ക്രൂരമായി മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ഉന്നതതലത്തിൽ നടന്ന കള്ളക്കളികളുടെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കെഎസ് ഡയറി തിരുത്താൻ നിർദ്ദേശം നൽകിയ ആഭ്യന്തര വകുപ്പിലെ ഐപിഎസ് വമ്പൻ അന്നത്തെ ക്രമസമാധാന ചുമതല ഉണ്ടായിരുന്ന എഡിജിപി എം ആർ അജിത് കുമാർ ആണെന്ന സൂചനകളിലേക്കാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പുതിയ കണ്ടെത്തലുകൾ.

എഡിജിപി അജിത് കുമാറിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികൾക്ക് വിഡി സതീശൻ നേരിട്ട് നിർദ്ദേശം നൽകി എന്നാണ് റിപ്പോർട്ടുകൾ. മുൻ ഇടത് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്ധമായി സംരക്ഷിക്കാൻ വേണ്ടി ക്രമസമാധാന പാലനത്തിന്റെ തലപ്പത്തിരുന്നവർ തന്നെ നിയമവിരുദ്ധമായി ഫയലുകൾ തിരുത്തി എന്ന വിവരം പുറത്തുവന്നതോടെ ആഭ്യന്തര വകുപ്പിൽ വലിയ നീക്കങ്ങളാണ് നടക്കുന്നത്.

തിരുവനന്തപുരത്ത് പേരൂർ കടയിലുള്ള ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലേക്ക് രണ്ടു തവണ രഹസ്യമായി വിളിച്ചുവരുത്തുകയായിരുന്നു എന്ന നിർണായക വിവരമാണ് എസ്ഐടിക്ക് ലഭിച്ചിരിക്കുന്നത്. ഈ അസ്വാഭാവിക സന്ദർശനങ്ങൾക്ക് ശേഷമാണ് കേസ് ഡയറിയും അന്വേഷണ റിപ്പോർട്ടും പൂർണമായും മാറ്റിയതും മർദ്ദനത്തിന്റെ വ്യക്തമായ വീഡിയോ പോലീസ് കണ്ടില്ലെന്ന കള്ളവാദം ഔദ്യോഗിക റിപ്പോർട്ടിൽ തിരുകി കയറ്റിയതും.

എസ്പി എപി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് പുനരന്വേഷിക്കുന്നതിന്റെ ഭാഗമായി മുൻപ് കേസ് അന്വേഷിച്ച ഡിവൈഎസ്പി സുനിൽ രാജ്, ബന്ധപ്പെട്ട എസ്ഐമാർ തുടങ്ങിയ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ വിശദമായ മൊഴികൾ ഇതിനകം രേഖപ്പെടുത്തി കഴിഞ്ഞു. ഇവരുടെ മൊഴികളിലും എഡിജിപിയുടെ ഓഫീസിൽ നിന്നും ഉണ്ടായ കടുത്ത സമ്മർദ്ദങ്ങളെ കുറിച്ച് വ്യക്തമായ സൂചനകളുണ്ട്.

മുൻ മുഖ്യമന്ത്രിയുടെ അംഗരക്ഷകരെ ക്രിമിനൽ നടപടികളിൽ നിന്നും രക്ഷിക്കാൻ വേണ്ടി ബോധപൂർവമായ ഇടപെടൽ ഉന്നത പോലീസ് ആസ്ഥാനത്തു നിന്ന് തന്നെ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമായതോടെ ഈ അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ച ഐപിഎസ് വമ്പന്മാരുടെ കൃത്യമായ പങ്ക് തെളിയിക്കാനാണ് എസ്ഐടി ശ്രമിക്കുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ തെളിവുകൾ സഹിതമുള്ള അന്വേഷണ റിപ്പോർട്ട് എസ്ഐടി ആഭ്യന്തര വകുപ്പിന് സമർപ്പിക്കും.