ആലപ്പുഴ ചെങ്ങന്നൂർ കല്ലിശ്ശേരി റെയിൽവേ പാലത്തിന് സമീപം പമ്പയാറ്റിൽ ചാക്കിൽ കെട്ടിയ നിലയിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മീൻ പിടിക്കാനെത്തിയവരുടെ ചൂണ്ടയിൽ ചാക്ക് കുടുങ്ങിയതോടെയാണ് ഈ സംഭവം പുറത്തറിയുന്നത്.
ചൂണ്ടയിൽ കുടുങ്ങിയ ചാക്ക് കരക്കെത്തിച്ച് തുറന്നു നോക്കിയപ്പോഴാണ് ഉള്ളിൽ തലയോട്ടിയും അസ്ഥികളും തുണികഷ്ണങ്ങളും ഒപ്പം പൂജാസാധനങ്ങളും കണ്ടെത്തിയത്. തുടർന്ന് ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അവശിഷ്ടങ്ങൾ കസ്റ്റഡിയിലെടുത്തു.
മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ദഹിപ്പിച്ച മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പൂജാസാധനങ്ങൾക്കൊപ്പം ആറ്റിൽ ഒഴുക്കിയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും സംഭവത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താൻ അസ്ഥികൂട അവശിഷ്ടങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയക്കുമെന്ന് പോലീസ് വ്യക്തമാക്കി.