രാജ്യത്തെ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ, അനധികൃത കുടിയേറ്റം, അസ്വാഭാവിക ജനസംഖ്യാ വർദ്ധനവ് എന്നിവയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. ജസ്റ്റിസ് പ്രകാശ് പ്രഭാകർ നാവുലേക്കറുടെ നേതൃത്വത്തിലുള്ള ഈ സമിതിക്ക് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഒരു വർഷത്തെ കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്.
ദേശീയ സുരക്ഷ, പരമാധികാരം, ക്രമസമാധാനം, ജനാധിപത്യ പ്രാതിനിധ്യം എന്നിവയെ ബാധിക്കുന്ന അനധികൃത കുടിയേറ്റം, നുഴഞ്ഞുകയറ്റം, അസ്വാഭാവികമായ ജനസംഖ്യാ വ്യതിയാനങ്ങൾ എന്നിവയാണ് സമിതിയുടെ പ്രധാന പഠനവിഷയങ്ങൾ. രാജ്യത്തിന്റെ സുസ്ഥിരതയെ ബാധിക്കുന്ന തരത്തിലുള്ള ജനസംഖ്യാപരമായ മാറ്റങ്ങളെ ഗൗരവത്തോടെയാണ് സമിതി വീക്ഷിക്കുന്നത്.
രണ്ട് കുട്ടികൾ എന്ന രീതിയിലുള്ള ജനസംഖ്യാ നിയന്ത്രണ നിയമം രാജ്യത്ത് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഈ നീക്കം. ജനസംഖ്യ വിജയകരമായി നിയന്ത്രിക്കുന്ന സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും മണ്ഡല പുനർനിർണ്ണയ വേളയിൽ ജനപ്രതിനിധികളുടെ എണ്ണം കുറയുന്നതുവഴി രാഷ്ട്രീയ നഷ്ടം ഉണ്ടാകുന്നു എന്ന ആശങ്കയും ഈ വിഷയത്തിൽ നിലനിൽക്കുന്നുണ്ട്.