Thanks for watching! Content unlocked for this session.

‘ട്വന്റി 20’ ക്ലൈമാക്സ് ഷൂട്ട് ഒഴിവാക്കിയതിൽ ജയറാമിന്റെ മലക്കംമറിച്ചിൽ; ട്രോളുകളുമായി സോഷ്യൽ മീഡിയ

മലയാളത്തിലെ പ്രമുഖ താരം ജയറാം മുൻപ് നൽകിയ രണ്ട് അഭിമുഖങ്ങളിലെ പരസ്പരവിരുദ്ധമായ പ്രസ്താവനകളെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾക്ക് ഇരയാകുന്നു. സൂപ്പർതാരങ്ങൾ ഒന്നിച്ചഭിനയിച്ച ‘ട്വന്റി 20’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സിലെ പ്രശസ്തമായ നടത്തത്തിൽ താൻ എന്തുകൊണ്ട് പങ്കെടുത്തില്ല എന്നതിനെക്കുറിച്ച് താരം നൽകിയ രണ്ട് വ്യത്യസ്ത വിശദീകരണങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

അടുത്തിടെ ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ, ദീപാവലി ആഘോഷിക്കാൻ ചെന്നൈയിലെ വീട്ടിലേക്ക് പോകേണ്ടതിനാലാണ് താൻ ആ രംഗം ഒഴിവാക്കിയതെന്ന് ജയറാം പറഞ്ഞിരുന്നു. എന്നാൽ വർഷങ്ങൾക്ക് മുൻപ് ഒരു മലയാളം ചാനലിൽ ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ ശബരിമലയിൽ പോകാൻ ഉണ്ടായിരുന്നതിനാലാണ് താൻ ഷൂട്ടിംഗ് സെറ്റിൽ നിന്നും പോയതെന്നാണ് താരം അവകാശപ്പെട്ടിരുന്നത്. ഈ രണ്ട് വീഡിയോകളും ഒന്നിച്ച് ചേർത്തുവെച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രചരിക്കുന്നത്.

തമിഴ്നാട്ടിൽ ദീപാവലിയും കേരളത്തിൽ ശബരിമലയും പറഞ്ഞ് ജയറാം ആളുകളെ കബളിപ്പിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം. താരത്തിന്റെ അതിവിനയവും ഇത്തരം പ്രസ്താവനകളും കപടത നിറഞ്ഞതാണെന്നും, നാളെ ഒരു തെലുങ്ക് ചാനലിൽ പോയാൽ ഉഗാധി ആഘോഷിക്കാൻ പോയതാണെന്ന് പറയുമോ എന്നും ആരാധകർ പരിഹാസപൂർവ്വം ചോദിക്കുന്നു.