സ്പെയിനിലെ ടെനറൈഫിൽ നിന്ന് ബ്രിട്ടനിലെ ബെർമിംഗ്ഹാമിലേക്ക് പറക്കുകയായിരുന്ന ജെറ്റ് 2 എയർവേയ്സിന്റെ എൽഎസ് 1266 വിമാനത്തിലാണ് ലോകത്തെ നടുക്കിയ ഈ അടിയന്തര സാഹചര്യം ഉണ്ടായത്. കുട്ടികളും സ്ത്രീകളും അടക്കം 220 യാത്രക്കാരുമായി വിമാനം ടേക്ക് ഓഫ് ചെയ്തു.
ഏകദേശം 30,000 അടി ഉയരത്തിൽ വച്ച് വിമാനത്തിന്റെ പ്രധാന പൈലറ്റിന് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായി. വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കാൻ തുടങ്ങി. കോ-പൈലറ്റായ ഫസ്റ്റ് ഓഫീസർ ഉടൻ തന്നെ സ്ഥിതിഗതികൾ മനസ്സിലാക്കി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അദ്ദേഹം മെയ്ഡേ സന്ദേശം പുറപ്പെടുവിക്കുകയും വിമാനം അടുത്തുള്ള വിമാനത്താവളത്തിലേക്ക് തിരിച്ചുവിടാൻ അനുമതി തേടുകയും ചെയ്തു.
പോർച്ചുഗലിലെ പോർട്ടോ വിമാനത്താവളത്തിൽ വിമാനം അതീവ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി. മുൻകൂട്ടി തയ്യാറായി നിന്ന മെഡിക്കൽ സംഘം പൈലറ്റിന് പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. യാത്രക്കാർക്ക് ആർക്കും പരിക്കുകളില്ലെന്ന് വിമാനക്കമ്പനി അറിയിച്ചു.