നിയമസഭയിലെ മീഡിയ റൂമിൽ കൃഷിമന്ത്രി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതിനെതിരെ മാധ്യമപ്രവർത്തകർ ശക്തമായ പ്രതിഷേധം ഉയർത്തി. മാധ്യമപ്രവർത്തകനായിരുന്ന കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനൊപ്പം ഇരുന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് മാധ്യമപ്രവർത്തകർ ഒന്നിച്ച് നിലപാടെടുത്തു.
മന്ത്രി വാർത്താ സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ മാധ്യമപ്രവർത്തകർ തങ്ങളുടെ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചു. വിഷയം സംസാരിച്ച് തീർക്കാമെന്ന് മന്ത്രി പലതവണ ആവശ്യപ്പെട്ടെങ്കിലും, തങ്ങളുടെ സഹപ്രവർത്തകന്റെ കൊലപാതകിയെ ഒപ്പമിരുത്തില്ലെന്നും അല്ലാത്തപക്ഷം തങ്ങൾ വാർത്താ സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുമെന്നും മാധ്യമപ്രവർത്തകർ വ്യക്തമാക്കി. രംഗം വഷളാകുന്നത് കണ്ടതോടെ ശ്രീറാം വെങ്കിട്ടരാമൻ സ്വയം വാർത്താ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഔദ്യോഗിക സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരത്തെ വലിയ വിവാദമായിരുന്നു. ഈ കേസിന്റെ അന്തിമവാദം വരാനിരിക്കുന്ന ഓഗസ്റ്റിൽ നടക്കാനിരിക്കെയാണ് നിയമസഭയിലെ മീഡിയ റൂമിൽ നാടകീയമായ ഈ പ്രതിഷേധ രംഗങ്ങൾ അരങ്ങേറിയത്.