സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് ജൂൺ മാസത്തെ റേഷൻ വിതരണം പ്രഖ്യാപിച്ചു. മെയ് 31 ഞായറാഴ്ചയും ജൂൺ 1 തിങ്കളാഴ്ച ഈ-പോസ് സംവിധാനത്തിൽ വിഹിതങ്ങൾ സെറ്റ് ചെയ്യേണ്ടതിനാലും റേഷൻ കടകൾക്ക് അവധിയായിരിക്കും. അതിനാൽ ജൂൺ 2 ചൊവ്വാഴ്ച മുതലാണ് വിതരണം ആരംഭിക്കുക. പുതിയ യുഡിഎഫ് സർക്കാരിന്റെ കീഴിലെ ആദ്യ റേഷൻ വിതരണമാണിത്. അനൂപ് ജേക്കബ് ആണ് പുതിയ ഭക്ഷ്യവകുപ്പ് മന്ത്രി.
അന്ത്യോദയ അന്നയോജന (എഎവൈ) മഞ്ഞ റേഷൻ കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പാക്കറ്റ് ആട്ട സബ്സിഡി നിരക്കിലും ലഭിക്കും. മുൻപ് ലഭിച്ചിരുന്ന 1 കിലോ പഞ്ചസാര ജൂൺ മാസത്തിൽ ഇല്ല. മുൻഗണനാ വിഭാഗം (പിഎച്ച്എച്ച്) പിങ്ക് കാർഡിന് ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഗോതമ്പിന് പകരം 4 പാക്കറ്റ് ആട്ട ഒൻപത് രൂപ നിരക്കിൽ വാങ്ങാം.
പൊതുവിഭാഗം (എൻപിഎസ്) നീല കാർഡിന് ഓരോ അംഗത്തിനും 2 കിലോ അരി കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ, താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും. നീല കാർഡിന് സ്പെഷ്യൽ അരി വിഹിതമില്ല. പൊതുവിഭാഗം (എൻപിഎൻഎസ്) വെള്ള കാർഡിന് 4 കിലോ അരി കിലോയ്ക്ക് 9 രൂപ 90 പൈസ നിരക്കിൽ ലഭിക്കും. വെള്ള കാർഡിനും സ്പെഷ്യൽ അരിയില്ല, റേഷൻ അരി വിഹിതവും വളരെ കുറവാണ്.
ഏപ്രിൽ-മെയ്-ജൂൺ ക്വാർട്ടറിലെ മണ്ണെണ്ണ ഇതുവരെ വാങ്ങാത്തവർക്ക് ജൂണിൽ വാങ്ങാം. മഞ്ഞ കാർഡിന് 1 ലിറ്ററും പിങ്ക്, നീല, വെള്ള കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണയും ലഭിക്കും. ജൂൺ 9-ന് ട്രോളിങ് നിരോധനം നിലവിൽ വരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കുള്ള സൗജന്യ റേഷൻ ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.