പശ്ചിമബംഗാളിൽ ബിജെപി അധികാരത്തിൽ എത്തിയതിനെ തുടർന്ന് സുവേന്ദു അധികാരി മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കലിത മാജി ചരിത്രം കുറിച്ചു. പ്രതിമാസം 4000 രൂപ ശമ്പളത്തിന് വീട്ടുജോലി ചെയ്തിരുന്ന അവസ്ഥയിൽ നിന്നാണ് അവർ ഈ പദവിയിലെത്തിയത്. പൂർവ്വ ബർധമാൻ ജില്ലയിലുള്ള ഓസ്ഗ്രാം മണ്ഡലത്തിൽ നിന്നും മത്സരിച്ച കലിത, തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ശ്യാമപ്രസന്ന ലോഹാറിനെ 12,000-ൽ പരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.
രണ്ട് വീടുകളിൽ പാത്രം കഴുകിയും വീട് തുടച്ചും ഉപജീവനം നടത്തിയിരുന്ന കലിതയുടെ ഭർത്താവ് സുബ്രത മാജി ഒരു പ്ലംബറാണ്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സജീവ രാഷ്ട്രീയത്തിലുള്ള കലിത, 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും രണ്ടാം സ്ഥാനത്താണ് എത്തിയത്. എന്നാൽ ഇത്തവണ ഒരു ലക്ഷത്തിലധികം വോട്ടുകൾ നേടിയാണ് അവർ വൻ വിജയം സ്വന്തമാക്കിയത്. സ്ഥാനാർത്ഥി പട്ടികയിൽ പേര് വന്നതോടെ ജോലിയിൽ നിന്നും ഒരു മാസത്തെ അവധിയെടുത്താണ് അവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
തന്നിൽ വിശ്വാസമർപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച കലിത, ഒരു സാധാരണ വീട്ടുജോലിക്കാരി എന്ന നിലയിലുള്ള തന്റെ ജീവിതം പാവപ്പെട്ടവരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കാൻ സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. പിന്നാക്ക വിഭാഗങ്ങളുടെ വികസനം, കുടിവെള്ളം, മികച്ച റോഡുകൾ, സ്ത്രീകളുടെ സുരക്ഷ എന്നിവയ്ക്കൊപ്പം പ്രധാനമന്ത്രിയുടെ പിഎം ആവാസ് യോജന വഴി വീടുകളും ശുചിമുറികളും നിർമ്മിക്കുമെന്നും അവർ പറഞ്ഞു. കൂടാതെ, ചികിത്സാ സൗകര്യങ്ങൾക്കായി നാട്ടുകാർക്ക് ബർദ്വാൻ നഗരത്തിലേക്ക് പോകേണ്ടി വരുന്നത് ഒഴിവാക്കാൻ തന്റെ ഗ്രാമത്തിൽ ഒരു ആശുപത്രി നിർമ്മിക്കുകയെന്നതും കലിതയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.