Thanks for watching! Content unlocked for this session.

ബജറ്റിലെ 35000 കോടിയിൽ 20000 കോടിയും കാണാനില്ല; സർക്കാരിനെതിരെ വി.ഡി. സതീശൻ

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ വലിയ സാമ്പത്തിക അപാകതകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെയാണ്, സംസ്ഥാനത്തിന്റെ ധനകാര്യ പ്രതിസന്ധി തുറന്നുകാട്ടുന്ന പ്രതിപക്ഷത്തിന്റെ ധവളപത്രം അദ്ദേഹം സഭയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ പത്തു വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ ധൂർത്തും ധനകാര്യ മിസ്മാനേജ്മെന്റും അഴിമതിയും വ്യക്തമാക്കുന്ന കണ്ണാടിയാണ് ഈ ധവളപത്രമെന്ന് അദ്ദേഹം ആരോപിച്ചു.

ട്രഷറിയിൽ 6000 കോടി രൂപ ബാക്കിയുണ്ടെന്ന എൽ.ഡി.എഫ് സർക്കാരിന്റെ പ്രചരണത്തെ സതീശൻ സഭയിൽ കണക്കുകൾ നിരത്തി പൊളിച്ചടുക്കി. വീട്ടിലെ നിത്യനിദാന ചെലവുകൾക്കും കടങ്ങൾക്കും പണം നൽകാതെ ശമ്പളം മുഴുവൻ വീട്ടിൽ സൂക്ഷിക്കുന്ന ആളുടെ അവസ്ഥയോടാണ് അദ്ദേഹം ഇതിനെ ഉപമിച്ചത്. നെൽകർഷകർക്കും കോൺട്രാക്ടർമാർക്കും സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിനും ഉൾപ്പെടെ ആയിരക്കണക്കിന് കോടി രൂപ കുടിശിക വരുത്തിയാണ് ട്രഷറിയിൽ പണമുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്നത്. മെയ് 16-ലെ കണക്കുകൾ പ്രകാരം ട്രഷറിയിൽ വെറും 2000 കോടി രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റിൽ വിഭാവനം ചെയ്ത 35,000 കോടിയുടെ പദ്ധതികളിൽ 20,000 കോടി രൂപയുടെ വരുമാനം കാണാനില്ലെന്ന ഗുരുതരമായ വെളിപ്പെടുത്തലും പ്രതിപക്ഷ നേതാവ് നടത്തി. പതിനാറാം ധനകാര്യ കമ്മീഷനിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ച 14,000 കോടിയുടെ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റും, സംസ്ഥാനത്തിന്റെ നികുതിവിഹിതം ഉയരുമെന്ന കണക്കുകൂട്ടലിൽ പ്രതീക്ഷിച്ച 5000 കോടിയും ലഭിക്കാതെ പോയതാണ് ഈ പ്രതിസന്ധിക്ക് കാരണം. കേന്ദ്രത്തിൽ നിന്ന് ലഭിക്കുമെന്ന് കരുതിയ മറ്റൊരു 600 കോടി കൂടി ഇല്ലാതായതോടെ, ആകെ 20,000 കോടിയുടെ വരുമാനക്കുറവാണ് സംസ്ഥാനത്തിനുണ്ടായിരിക്കുന്നത്. ഇത് നാടിന്റെ വികസന പദ്ധതികളെ പകുതിവഴിയിൽ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.