കേരളത്തിൽ ഈ വർഷത്തെ ഡിജിറ്റൽ സെൻസസ് നടപടികൾ ആരംഭിക്കുന്നു. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഈ കണക്കെടുപ്പിന്റെ ആദ്യ ഘട്ടമായ വീടുകളുടെ വിവരശേഖരണം (ഹൗസ് ലിസ്റ്റിംഗ്) ജൂൺ 16 മുതൽ ആരംഭിക്കും. ജൂൺ 16 മുതൽ 30 വരെയുള്ള 15 ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് വെബ്‌സൈറ്റ് വഴി സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താൻ (സെൽഫ് എന്യൂമറേഷൻ) അവസരമുണ്ടാകും. തുടർന്ന് ജൂലൈ 1 മുതൽ ഉദ്യോഗസ്ഥർ വീടുകളിലെത്തി ഈ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തും.
സെൻസസ് പോർട്ടലിൽ കുടുംബനാഥന്റെ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു കുടുംബത്തിന് മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. സ്ഥിരവിലാസം, വീടിന്റെ നിർമ്മാണ രീതികൾ, അടിസ്ഥാന സൗകര്യങ്ങൾ, വീട്ടിലുള്ള വാഹനങ്ങൾ ഉൾപ്പെടെയുള്ള അസറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട 33 ചോദ്യങ്ങൾ അടങ്ങിയ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുമ്പോൾ ‘H’ എന്ന് തുടങ്ങുന്ന 11 അക്ക സെൽഫ് എന്യൂമറേഷൻ ഐഡി (SE ID) ലഭിക്കും. ജൂലൈ 1 മുതൽ ഉദ്യോഗസ്ഥർ വീടുകളിൽ വരുമ്പോൾ ഈ ഐഡി നമ്പർ അവർക്ക് കൈമാറേണ്ടതാണ്.
1948-ലെ സെൻസസ് ആക്ട് പ്രകാരം സെൻസസ് വിവരങ്ങൾ നൽകാൻ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണ്. തെറ്റായ വിവരങ്ങൾ നൽകുന്നതോ വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്നതോ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. ഇത്തവണത്തെ സെൻസസിൽ ജാതി സെൻസസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്. ഓൺലൈൻ വഴി വിവരങ്ങൾ രേഖപ്പെടുത്താൻ ബുദ്ധിമുട്ടുള്ളവർക്ക് അക്ഷയ/സേവന കേന്ദ്രങ്ങളുടെ സഹായം തേടാവുന്നതാണ്. സെൻസസിന്റെ രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലായിരിക്കും നടക്കുക.