സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഈ അധ്യയന വർഷം 75,000ത്തോളം കുട്ടികളുടെ കുറവുണ്ടാകുമെന്ന് സൂചന. കുട്ടികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന ഈ കുറവ് ഡിവിഷൻ ഫാളിന് ഇടയാക്കിയാൽ പൊതുവിദ്യാഭ്യാസ മേഖലയിൽ മൂവായിരത്തിലധികം അധ്യാപക തസ്തികകൾ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 4,918 അധ്യാപകർക്ക് തസ്തിക നഷ്ടപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരുകൾ ഈ അധ്യാപകരെ പുനർവിന്യസിക്കുകയും പിഎസ്‌സി വഴി മുപ്പത്തിയേഴായിരത്തിലധികം പുതിയ നിയമനങ്ങൾ നടത്തുകയും ചെയ്തു. ലാഭനഷ്ട കണക്കുകൾ നോക്കി സ്കൂളുകൾ അടച്ചുപൂട്ടാൻ മുൻപ് ശ്രമിച്ചപ്പോൾ അഞ്ചര ലക്ഷത്തോളം കുട്ടികൾ സ്വകാര്യ സ്കൂളുകളിലേക്ക് പോയിരുന്നുവെങ്കിലും പിന്നീട് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിരുന്നു.
പുതിയ അധ്യയന വർഷത്തിൽ നവാഗതരെ സ്വീകരിക്കാൻ സ്കൂളുകളിൽ അധ്യാപകർ വിപുലമായ ഒരുക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും, കുട്ടികളുടെ കുറവ് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മുൻ വർഷങ്ങളിലേതുപോലെ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചില്ലെങ്കിൽ വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നും, ഈ പ്രതിസന്ധി സർക്കാർ എങ്ങനെ പരിഹരിക്കുമെന്നുമാണ് വിദ്യാഭ്യാസ മേഖല ഉറ്റുനോക്കുന്നത്.