തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ദൃശ്യമാധ്യമങ്ങളിൽ വാർത്ത കണ്ടതിനെ തുടർന്ന് സ്വമേധയാ കേസെടുത്ത മന്ത്രി, 48 മണിക്കൂറിനകം കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സമിതിയോട് ആവശ്യപ്പെട്ടു. വീഴ്ച വരുത്തിയവർക്കെതിരെ മുഖം നോക്കാതെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ അധ്യക്ഷനായ സമിതിയാണ് ഈ സംഭവം അന്വേഷിക്കുന്നത്. ഓർത്തോ, സർജറി വിഭാഗം മേധാവിമാരും ഈ സമിതിയിൽ അംഗങ്ങളാണ്. രോഗികളോട് മോശമായി പെരുമാറിയ ജീവനക്കാരെ കൗൺസിലിങ്ങിന് അയക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. അതേസമയം, ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും നന്നായി ജോലി ചെയ്യുന്ന ജീവനക്കാരെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രി കട്ടിലിൽ നിന്ന് വീണ് രോഗി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പത്തനംതിട്ടയിൽ മുൻപുണ്ടായ മറ്റൊരു സംഭവത്തിൽ ആദ്യ റിപ്പോർട്ട് തള്ളിയതായും, പുതിയ സമിതിയോട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയ മന്ത്രി, ആരോഗ്യരംഗത്തെ നിലവിലെ സിസ്റ്റം മാറ്റിയെഴുതാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.