റദ്ദാക്കിയ സിൽവർ ലൈനിനു പകരം റെയിൽവേയുമായി ചേർന്ന് അതിവേഗ റെയിൽ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതിനിടെ, സ്വന്തം നിലയിൽ ഹൈ സ്പീഡ് റെയിലിന്റെ ഇടക്കാല പദ്ധതിരേഖ തയ്യാറാക്കി മെട്രോമാൻ ഇ ശ്രീധരൻ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ തിരുവനന്തപുരം-കണ്ണൂർ പാതയുടെ പദ്ധതിരേഖ അടുത്ത മാസം കേന്ദ്രത്തിന് സമർപ്പിക്കും.
ഭൂഗർഭ പാതയ്ക്കു പകരം എലിവേറ്റഡ് പാതയ്ക്ക് 20 മീറ്റർ വീതിയിൽ ഭൂമി മതിയാകും, നിർമ്മാണം പൂർത്തിയായാൽ ഭൂമി ഉടമയ്ക്ക് തിരികെ നൽകും. 465 കിലോമീറ്റർ ദൂരം മൂന്നു മണിക്കൂർ 20 മിനിറ്റിൽ എത്താം, തിരുവനന്തപുരം-കോഴിക്കോട് 640 രൂപ നിരക്കിൽ 2.5 മണിക്കൂറിൽ. 54,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 51% കേന്ദ്രവും 49% സംസ്ഥാനവും വിഹിതം നൽകണം. ബ്രോഡ്ഗേജിൽ 160 കിലോമീറ്റർ വേഗത്തിൽ പാസഞ്ചർ, കാർഗോ ട്രെയിനുകൾ ഓടിക്കാനാണ് ലക്ഷ്യം.