Thanks for watching! Content unlocked for this session.

മന്ത്രിമാർക്ക് ശമ്പളം മാത്രമല്ല; ഇത്രയും ആനുകൂല്യങ്ങളോ?

കേരളത്തിൽ 10 വർഷത്തെ യുഡിഎഫ് ഭരണത്തിനുശേഷം വിഡി സതീശൻ മുഖ്യമന്ത്രിയായും 20 അംഗങ്ങൾ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. അതാത് വകുപ്പുകളിൽ കൃത്യമായ ഇടപെടലുകൾ നടത്തിയും നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ ചോദ്യങ്ങൾ നേരിട്ടും ജനങ്ങളുടെ ക്ഷേമം പരിഗണിച്ചും മുന്നോട്ടു കൊണ്ടുപോകേണ്ടവരാണ് ഈ മന്ത്രിമാർ. ക്യാബിനറ്റ് പദവിയിൽ ഇരിക്കുന്ന മന്ത്രിമാർക്ക് മാസാമാസം സർക്കാരിൽ നിന്ന് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ഒന്നു നോക്കാം.

മന്ത്രിമാർക്ക് വെറും 2,000 രൂപയാണ് അടിസ്ഥാന ശമ്പളം. എന്നാൽ ക്ഷാമബത്ത ആയി 38,429 രൂപയും മണ്ഡലം അലവൻസ് ആയി 35,000 രൂപയും യാത്ര അലവൻസിനായി 17,000 രൂപയും ലഭിക്കും. ഒരു മാസം ആകെ മന്ത്രിമാരുടെ ശമ്പളം 97,429 രൂപയാണ്. ഇതുകൂടാതെ മന്ത്രിമാർക്കെല്ലാം സകുടുംബം പൂർണ്ണ ചികിത്സാ പരിരക്ഷയും വാഹന അഡ്വാൻസ് ആയി 5 ലക്ഷം രൂപയും ഹൗസിംഗ് അഡ്വാൻസ് ആയി 20 ലക്ഷം രൂപയും ലഭിക്കും. മന്ത്രിമാർക്ക് സ്വന്തമായി ഔദ്യോഗിക വസതിയും കാറും പൈലറ്റ് വാഹനവും ലഭിക്കും.

മുഖ്യമന്ത്രിയാകുമ്പോൾ വിഡി സതീശന് പ്രതിമാസം അടിസ്ഥാന ശമ്പളവും അലവൻസുകളും ചേർത്ത് ഏകദേശം 1,50,000 രൂപയാണ് ശമ്പളമായി ലഭിക്കുക. ഇതിനുപുറമേ യാത്രക്കായി ഔദ്യോഗിക വാഹനവും സുരക്ഷക്കായി പൈലറ്റ് വാഹനങ്ങളും ലഭിക്കും. കേരളത്തിലെ മുഖ്യമന്ത്രിക്ക് ട്രെയിനിലും വിമാനയാത്രക്കും പ്രത്യേക യാത്ര അലവൻസുകളും സൗകര്യവുമുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനും പൂർണമായ സൗജന്യ ചികിത്സയാണ് ലഭിക്കുക. അഞ്ചു വർഷം കഴിഞ്ഞ് മുഖ്യമന്ത്രി കാലാവധി പൂർത്തിയായാലും ആജീവനാന്തം പെൻഷനും ലഭിക്കും. ക്ലിഫ് ഹൗസ് ആണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി, 24 മണിക്കൂറും കർശനമായ സുരക്ഷയും ഉണ്ടായിരിക്കും.