കേരളത്തിലെ മലപ്പുറം ജില്ലയിൽ അടുത്ത മൂന്നു മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ പ്രവേശിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്, ജൂൺ മൂന്നിനോ നാലിനോ ഔദ്യോഗികമായി കാലവർഷം എത്തുമെന്നാണ് പ്രതീക്ഷ.
നിലവിൽ ലക്ഷദ്വീപ് മേഖലയിൽ കാലവർഷ മേഘങ്ങൾ ശക്തി പ്രാപിച്ചെങ്കിലും കേരള തീരത്തെത്തുമ്പോൾ കാറ്റിന്റെ ശക്തി കുറയുന്നതിനാൽ വടക്കൻ ജില്ലകളിൽ വേനൽ അന്തരീക്ഷം തുടരുകയാണ്. മധ്യ, തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്. അടുത്ത അഞ്ചു ദിവസത്തിനകം സംസ്ഥാനത്ത് കാലവർഷം വ്യാപകമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.
കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ഉന്നതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ വകുപ്പുകളും അടിയന്തരമായി ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചു. മണ്ണിടിച്ചിൽ, ഉരുൾപ്പൊട്ടൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളുടെ വിവരശേഖരണം പുതുക്കാനും വയോജനങ്ങൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, അതിഥി തൊഴിലാളികൾ എന്നിവരുടെ വിവരങ്ങൾ പ്രത്യേകം ശേഖരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ദുരന്ത മുന്നറിയിപ്പുകൾ സമയബന്ധിതമായി ജനങ്ങളിലെത്തിക്കാനുള്ള സംവിധാനങ്ങളും ഒരുക്കണമെന്ന് യോഗം വിലയിരുത്തി.