സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് എസ്.എം. സ്ട്രീറ്റിൽ ശക്തമായ കാറ്റിൽ കടകളുടെ മേൽക്കൂര പറന്നു വീണു. ഒരു ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽക്കൂര സമീപത്തെ ദുർഗാ ഭഗവതി ക്ഷേത്രത്തിലേക്ക് വീണെങ്കിലും വലിയ അപകടം ഒഴിവായി. കോട്ടയത്ത് അമ്മചേരി നാൽപാത്തിമലയിൽ ബിനോയ് മാത്യുവിന്റെ വീടിന്റെ മേൽക്കൂര തകർന്നു വീണു. ബിനോയ്, ഭാര്യ, രണ്ട് മക്കൾ എന്നിവർക്ക് പരിക്കേറ്റു.
മറ്റന്നാളും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് തുടരും. കേരള തീരത്ത് എട്ടാം തീയതി വരെ മത്സ്യബന്ധനത്തിന് വിലക്ക് തുടരും. റവന്യൂ വകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. 1070, 1077 എന്നീ നമ്പറുകളിൽ ജനങ്ങൾക്ക് സഹായത്തിനായി ബന്ധപ്പെടാം.