Thanks for watching! Content unlocked for this session.

കേരള സ്കൂൾ അക്കാദമിക് കലണ്ടർ: പരീക്ഷാ തീയതികളും കുറഞ്ഞ അവധികളും പ്രഖ്യാപിച്ചു

സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പുതിയ അക്കാദമിക് കലണ്ടർ പുറത്തിറങ്ങി. അധ്യയന ദിനങ്ങൾ പരമാവധി വർദ്ധിപ്പിക്കുന്ന രീതിയിൽ തയാറാക്കിയിരിക്കുന്ന പുതിയ കലണ്ടറിൽ പൊതു അവധികൾ വെട്ടിക്കുറയ്ക്കുകയും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കൂടുതൽ പ്രവൃത്തിദിനങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കലണ്ടർ പ്രകാരം ഒന്നാം പാദവാർഷിക (ഓണം) പരീക്ഷകൾ ഓഗസ്റ്റ് 11-ന് ആരംഭിച്ച് ഓഗസ്റ്റ് 21-ന് അവസാനിക്കും. ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് ഓണം വെക്കേഷൻ. രണ്ടാം പാദവാർഷിക (ക്രിസ്മസ്) പരീക്ഷകൾ ഡിസംബർ 10-ന് തുടങ്ങി ഡിസംബർ 18-ന് അവസാനിക്കുകയും, ഡിസംബർ 19 മുതൽ 27 വരെ ക്രിസ്മസ് അവധി ആയിരിക്കുകയും ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള മോഡൽ പരീക്ഷകൾ ഫെബ്രുവരിയിലും വാർഷിക പരീക്ഷകൾ മാർച്ചിലും നടക്കും.

ജൂലൈ, നവംബർ മാസങ്ങളിൽ വിദ്യാർത്ഥികൾക്ക് മറ്റ് പൊതു അവധികളൊന്നും ലഭിക്കില്ല എന്ന പ്രത്യേകതയും ഈ വർഷത്തെ കലണ്ടറിനുണ്ട്. കൂടാതെ ദീപാവലി, മന്നം ജയന്തി തുടങ്ങിയ പ്രധാന അവധി ദിനങ്ങൾ വാരാന്ത്യങ്ങളിലായതും വിദ്യാർത്ഥികൾക്ക് അവധി ദിനങ്ങൾ നഷ്ടപ്പെടാൻ കാരണമായി. ജൂൺ 27, സെപ്റ്റംബർ 26, ഒക്ടോബർ 24, ജനുവരി 30 തുടങ്ങിയ ശനിയാഴ്ചകൾ ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേക പ്രവൃത്തിദിനങ്ങളായിരിക്കും.