പുതിയ അധ്യയന വർഷം സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ ആദ്യ പ്രതികരണം.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ശംസുദ്ദീൻ ഇന്നാണ് ചുമതല ഏറ്റെടുത്തത്. സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു.
പുതിയ അധ്യയന വർഷം ഏറ്റവും മികച്ച രീതിയിൽ സ്വാഗതം ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചുചേർത്ത് നിർദേശങ്ങൾ നൽകി. സ്കൂൾ പ്രവേശനോത്സവം ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗത്തിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കുട്ടികളെ സ്വീകരിക്കാൻ വിപുലമായ പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സ്കൂളും പരിസരവും പൂർണമായും ശുചീകരിക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും തദ്ദേശ സ്വയം സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ഒന്നാംഘട്ട പാഠപുസ്തകങ്ങളുടെ വിതരണം ഇതിനകം തന്നെ 80 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന പുസ്തകങ്ങൾ മെയ് 31നകം കുട്ടികളിലേക്ക് എത്തിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.