കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ വാഹന മോഡിഫിക്കേഷൻ നിയമവിധേയമാക്കുമെന്ന വാഗ്ദാനം ആവർത്തിച്ചത് വാഹന പ്രേമികൾക്കിടയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. 1988ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 52 ഉം 2019ലെ സുപ്രീം കോടതി വിധിയും വാഹനത്തിന്റെ അടിസ്ഥാന ഘടന മാറ്റുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിനെ മറികടക്കാൻ നാല് നിയമപരമായ വഴികളുണ്ട്.
ഭരണഘടനയിലെ ആർട്ടിക്കിൾ 254 സബ്സെക്ഷൻ രണ്ട് പ്രകാരം കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ സംസ്ഥാനത്തിന് നിയമമുണ്ടാക്കാം. നിയമസഭയിൽ ബിൽ പാസാക്കി ഗവർണർ വഴി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചാൽ കേന്ദ്ര നിയമത്തിന് വിരുദ്ധമായി പോലും കേരളത്തിൽ ഒരു പുതിയ നിയമം നടപ്പിലാക്കാം.
രണ്ടാമത്തെ വഴി ഏറ്റവും പ്രായോഗികമാണ്. രൂപമാറ്റം അഥവാ ഓൾട്ടറേഷൻ എന്നതിന് കൃത്യമായ നിർവചനം സംസ്ഥാന സർക്കാരിന് എക്സിക്യൂട്ടീവ് ഓർഡറിലൂടെ കൊണ്ടുവരാം. അലോയ് വീൽ, ബംപർ, റൂഫ് റെയിൽ, നിറം മാറ്റൽ, എക്സ്ട്രാ ലൈറ്റുകൾ തുടങ്ങിയവ രൂപമാറ്റമായി കണക്കാക്കേണ്ടതില്ലെന്ന് വ്യക്തമാക്കാം. എൻജിനും ചേസിസും മാറ്റുന്നതിനെ മാത്രം രൂപമാറ്റമായി കണക്കാക്കിയാൽ മതി.
മൂന്നാമത്തെ സാധ്യത ഒരു സംസ്ഥാന തല സർട്ടിഫിക്കേഷൻ സംവിധാനമാണ്. വിദേശ രാജ്യങ്ങളിലെന്നപോലെ സർക്കാർ അംഗീകൃത ടെസ്റ്റിംഗ് സെന്ററുകളിൽ വാഹനം പരിശോധിച്ച് സുരക്ഷാ സർട്ടിഫിക്കറ്റ് വാങ്ങിയാൽ മോഡിഫൈ ചെയ്ത വാഹനം നിയമപരമായി ഓടിക്കാം. കേരളത്തിൽ മാത്രം പരീക്ഷണ അടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കാൻ കേന്ദ്ര മന്ത്രാലയത്തിന് പ്രൊപ്പോസൽ നൽകാം.
നാലാമത്തെ വഴി നിയമ പോരാട്ടമാണ്. 2019ലെ സുപ്രീം കോടതി വിധി മാറ്റിയെഴുതാൻ സംസ്ഥാന സർക്കാർ തന്നെ കോടതിയെ സമീപിക്കുക. വാഹന മോഡിഫിക്കേഷൻ മേഖലയിൽ ലക്ഷക്കണക്കിന് യുവാക്കൾ തൊഴിലെടുക്കുന്നുണ്ട്. ഗ്യാരേജുകൾ, ആക്സസറി ഷോപ്പുകൾ, പെയിന്റിംഗ് വർക്ക്ഷോപ്പുകൾ എന്നിവ ഈ മേഖലയുടെ ഭാഗമാണ്. സാമ്പത്തിക വശവും ടൂറിസം സാധ്യതകളും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചാൾ ഇളവ് നേടാനാകും.
നാളെ മുതൽ മോഡിഫിക്കേഷൻ പൂർണമായും സ്വതന്ത്രമാകുമെന്നല്ല ഇതിനർത്ഥം. നിയമസഭയിൽ ബിൽ പാസാക്കുകയോ എംവിഡി നിയമങ്ങളിൽ മാറ്റം വരുത്തുകയോ വേണ്ടിവരും. എങ്കിലും വ്യക്തമായ ഇച്ഛാശക്തി ഉണ്ടെങ്കിൽ നിയമത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് തന്നെ വാഹന പ്രേമികൾക്കും മേഖലയിലെ തൊഴിലാളികൾക്കും അനുകൂലമായ തീരുമാനം കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് കഴിയും.