സംസ്ഥാനത്തെ ചെറുപ്പക്കാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന വാഹന മോഡിഫിക്കേഷൻ നിയമങ്ങളിൽ വലിയ രീതിയിലുള്ള ഇളവുകൾ വരുത്താൻ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ശുപാർശ. തിരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ നടപടികൾക്ക് തുടക്കമായിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് നിരന്തരമായി പിഴ ഈടാക്കുന്നതിൽ വലഞ്ഞിരുന്ന യുവാക്കൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ പുതിയ റിപ്പോർട്ട്.
പുതിയ ശുപാർശ പ്രകാരം 18 തരത്തിലുള്ള മാറ്റങ്ങൾ വരുത്താൻ മുൻകൂർ അനുമതി ആവശ്യമില്ല. സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റിയറിങ് വീൽ കവർ, ക്രോം ഗാർണിഷ്, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ, ബോഡി സ്റ്റിക്കറുകൾ, ഇന്റീരിയർ ആംബിയന്റ് ലൈറ്റിങ്, ഡാഷ് ക്യാമറ, റിവേഴ്സ് ക്യാമറ, പാർക്കിങ് സെൻസർ, ജിപിഎസ് ട്രാക്കർ, ആൻഡ്രോയിഡ് ഇൻഫോടൈൻമെന്റ് സിസ്റ്റം, അഡീഷണൽ സ്പീക്കറുകൾ, റൂഫ് കാരിയറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, 50 ശതമാനം വരെ സുതാര്യതയുള്ള സൺഫിലിം ഉപയോഗിക്കാനും അനുമതി നൽകും.
അതേസമയം, വാഹനത്തിന്റെ നിറം മാറ്റൽ, എഞ്ചിൻ മാറ്റൽ, എൽപിജി/സിഎൻജി കിറ്റ് ഘടിപ്പിക്കൽ, ഇലക്ട്രിക് വാഹനമാക്കി മാറ്റൽ, ഭിന്നശേഷി സൗഹൃദ വാഹനമാക്കൽ, ഷാസി ഫ്രെയിം മാറ്റൽ തുടങ്ങിയ വലിയ മാറ്റങ്ങൾക്ക് ആർടിഒ ഓഫീസിൽ നിന്ന് മുൻകൂർ അനുമതി വാങ്ങി ആർസി ബുക്കിൽ രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാൽ വലിയ ശബ്ദമുള്ള ഹോണുകൾ, സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള രൂപമാറ്റങ്ങൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരുമെന്നാണ് സൂചന.