കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് പെൺകുട്ടികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കലൂരിൽ ഇന്ന് പുലർച്ചെയുണ്ടായ അതിക്രമത്തിൽ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യുന്ന 20-ഉം 21-ഉം വയസ്സുള്ള പെൺകുട്ടികൾക്കാണ് പരിക്കേറ്റത്.
പുലർച്ചെ നാലരയോടെ ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ രണ്ട് സ്ത്രീകൾ അടങ്ങുന്ന സംഘം ലൈംഗിക ചുവയുള്ള കമന്റുകൾ പറയുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് സംഘം ഇവരെ ക്രൂരമായി മർദ്ദിച്ചത്. അക്രമത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച പെൺകുട്ടിയുടെ ഫോൺ പിടിച്ചുവാങ്ങി തറയിലിട്ട് നശിപ്പിക്കുകയും, മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് നെഞ്ചിലും വയറ്റിലും ചവിട്ടുകയും ചെയ്തു. പരിക്കേറ്റ പെൺകുട്ടികളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേസിൽ പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ അക്ബർ, അരുൺ, സാബിത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ മുഖ്യപ്രതിയായ അക്ബർ കൊച്ചിയിൽ ഹോട്ടൽ നടത്തുകയാണ്, മറ്റ് രണ്ടുപേർ ഇയാളുടെ ഹോട്ടലിലെ ജീവനക്കാരുമാണ്. അതേസമയം, ആശുപത്രിയിൽ അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടികളുടെ വസ്ത്രധാരണത്തെ വിമർശിച്ചതായും പുലർച്ചെ എന്തിനാണ് പുറത്തിറങ്ങിയതെന്ന് ചോദിച്ച് കുറ്റപ്പെടുത്തിയതായും പെൺകുട്ടികളുടെ സുഹൃത്ത് ആരോപിച്ചു.