കൊച്ചി കലൂരിൽ പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് പെൺകുട്ടികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ക്രൂരമായ മർദനം. മഹാരാജാസ് കോളേജിലെ പഠനത്തിന് ശേഷം പാർട്ട് ടൈം ജോലി ചെയ്യുന്ന 20-ഉം 21-ഉം വയസ്സുള്ള പെൺകുട്ടികളാണ് ആക്രമിക്കപ്പെട്ടത്. മർദനമേറ്റ് ഗുരുതരമായി പരിക്കേറ്റ ഒരു പെൺകുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ നാല് മണിയോടെ ചക്കാലപ്പറമ്പ് റോഡിലാണ് സംഭവം നടന്നത്. ആറ് യുവാക്കളും രണ്ട് യുവതികളും അടങ്ങുന്ന സംഘം പെൺകുട്ടികൾക്ക് നേരെ മോശം കമന്റുകൾ പറയുകയും, ഇത് ചോദ്യം ചെയ്തതോടെ ക്രൂരമായി മർദിക്കുകയുമായിരുന്നു. അക്രമം മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ചുവാങ്ങി തറയിലിട്ട് തകർക്കുകയും, പെൺകുട്ടിയെ മുടിക്ക് പിടിച്ച് വലിച്ച് നിലത്തിട്ട് നെഞ്ചത്ത് ചവിട്ടുകയും ചെയ്തതായി സുഹൃത്തുക്കൾ പറയുന്നു.
ചികിത്സയിലിരിക്കെ മൊഴിയെടുക്കാൻ എത്തിയ നോർത്ത് പോലീസ് ഉദ്യോഗസ്ഥർ തങ്ങളെ വസ്ത്രധാരണത്തിന്റെ പേരിൽ പരിഹസിക്കുകയും, പുലർച്ചെ എന്തിനാണ് പുറത്തിറങ്ങിയതെന്ന് ചോദിച്ച് കുറ്റപ്പെടുത്തുകയും ചെയ്തതായി പെൺകുട്ടികൾ ആരോപിച്ചു. സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും, പോലീസിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് അന്വേഷിക്കുമെന്നും എസ്.എച്ച്.ഓ വ്യക്തമാക്കി.