പശ്ചിമബംഗാളിലെ കൊൽക്കത്തയിലുള്ള പ്രശസ്തമായ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർത്ഥി യൂണിയൻ മുറിയിൽ നിന്ന് ഒരു കോടിയോളം രൂപയുടെ കള്ളപ്പണവും മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി പൂട്ടിിക്കിടന്ന മുറി വൃത്തിയാക്കാനായി തുറന്ന കോളേജ് അധികൃതരും ശുചീകരണ തൊഴിലാളികളുമാണ് ഈ ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ട് പോലീസിനെ വിവരമറിയിച്ചത്. രണ്ട് വലിയ പെട്ടികളിലായി സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകൾ ദീർഘകാലം ഇരുന്നതിനാൽ ചിതലരിച്ച നിലയിലായിരുന്നു.
പണത്തിന് പുറമെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ഒരു റിവോൾവറും വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും ഇവിടെ നിന്ന് പോലീസ് കണ്ടെടുത്തു. എയർ കണ്ടീഷണർ, അറ്റാച്ച്ഡ് ബാത്ത്റൂം, വിലകൂടിയ കിടക്കകൾ തുടങ്ങിയ ആഡംബര സൗകര്യങ്ങളോടെയാണ് ഈ യൂണിയൻ മുറി പ്രവർത്തിച്ചിരുന്നത്. ഭരണകക്ഷി ഗുണ്ടകളുടെ സുഖവാസ കേന്ദ്രമായും ലഹരി പാർട്ടികൾക്കായും ഈ മുറി ഉപയോഗിച്ചിരുന്നതായാണ് സൂചനകൾ.
തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ തൃണമൂൽ ചാത്ര പരിഷത്തിന്റെ നിയന്ത്രണത്തിലായിരുന്നു ഈ മുറിയെന്ന് ആരോപണമുണ്ട്. കോളേജ് അഡ്മിഷനായി വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയ കോഴപ്പണവും ഭീഷണിപ്പെടുത്തി പിരിച്ചെടുത്ത തുകയുമാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംഭവം വൻ വിവാദമായതോടെ പശ്ചിമബംഗാൾ സർക്കാർ സംസ്ഥാനത്തെ എല്ലാ എയ്ഡഡ് കോളേജുകളിലും സർവ്വകലാശാലകളിലും യൂണിയൻ ഫീസ് പിരിക്കുന്നത് അടിയന്തരമായി നിർത്തിവെക്കാൻ ഉത്തരവിട്ടിട്ടുണ്ട്.