Thanks for watching! Content unlocked for this session.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവെന്ന് ആരോപണം; മാറി ശസ്ത്രക്രിയ ചെയ്തതിന് പിന്നാലെ രോഗി മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചതായി ഗുരുതര ആരോപണം. നാദാപുരം വാണിമേൽ സ്വദേശിയായ റീജിത്ത് ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. വൃക്കയിലെ കല്ല് നീക്കം ചെയ്യാനായി നടത്തിയ ശസ്ത്രക്രിയയിൽ സംഭവിച്ച ഗുരുതരമായ വീഴ്ചയാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഇടതുഭാഗത്തെ വൃക്കയിലുണ്ടായിരുന്ന കല്ല് നീക്കം ചെയ്യാനാണ് ഓഗസ്റ്റ് ആറിന് റീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത് വലതുഭാഗത്താണെന്ന് കുടുംബം പറയുന്നു. ഇതിന് പിന്നാലെ റീജിത്തിന് കടുത്ത വേദനയും പഴുപ്പും അനുഭവപ്പെട്ടു. പിന്നീട് ഏപ്രിൽ മാസത്തിൽ കുടുംബത്തിന്റെ അനുമതിയില്ലാതെ ഇടതുഭാഗത്ത് രണ്ടാമതൊരു ശസ്ത്രക്രിയ കൂടി നടത്തി. പഴുപ്പ് മറ്റ് അവയവങ്ങളിലേക്ക് പടർന്നതിനെ തുടർന്ന് നില അതീവ ഗുരുതരമാവുകയായിരുന്നു.

ചികിത്സയിൽ മുൻഗണന ലഭിക്കുന്നതിനായി യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. വേണുഗോപാലിന് അദ്ദേഹത്തിന്റെ വീട്ടിൽ പോയി 5000 രൂപ കൈക്കൂലി നൽകേണ്ടി വന്നതായും കുടുംബം വെളിപ്പെടുത്തി. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലുള്ള മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായിട്ടില്ല. ഡി.എം.ഓ നേരിട്ടെത്തി നടപടി സ്വീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് കുടുംബത്തിന്റെ നിലപാട്. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ചീഫ് യൂറോളജി വിഭാഗം മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.