Thanks for watching! Content unlocked for this session.

കോഴിക്കോട് ദുരന്തം: ഗർഭിണിയായ യുവതി കാറിനുള്ളിൽ വെന്തുമരിച്ചു; ഞെട്ടിക്കുന്ന വിവരങ്ങൾ

കോഴിക്കോട് പേരാമ്പറയിൽ ഗർഭിണിയായ യുവതി കാറിനുള്ളിൽ വെന്തുമരിച്ച സംഭവത്തിൽ ഓരോ മണിക്കൂറിലും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. 27 വയസ്സുള്ള സോനയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ വൻ ദുരൂഹതയാണ് നിഴലിക്കുന്നത്.

ഭർത്താവ് റിജിൽ ലാലിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി സോനയുടെ കുടുംബം രംഗത്തുവന്നിരിക്കുകയാണ്. കുഞ്ഞിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന് റിജിൽ ആവശ്യപ്പെട്ടിരുന്നതായും പരസ്ത്രീ ബന്ധത്തെ ചൊല്ലി തർക്കം ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു.

എന്നാൽ സോന തന്നെയാണ് പെട്രോൾ വാങ്ങിയതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. മരണദിവസം വൈകിട്ട് ടൗണിൽ പോയപ്പോൾ മാതൃസഹോദരിയുടെ മകൾ വസ്ത്രം വാങ്ങാൻ കടയിൽ കയറിയ സമയത്ത് സോനയെ കാണാതാവുകയും ആ സമയത്താണ് അവർ അടുത്തുള്ള പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയതെന്നും പോലീസ് നിഗമനം.

റിജിന്റെ പിതാവ് രാജൻ മകനെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തി. കഴിഞ്ഞ മൂന്നു വർഷമായി ഇരുവരും സന്തോഷത്തോടെയാണ് ജീവിച്ചിരുന്നതെന്നും സോന വലിയ ദുരിതത്തിലാണ് കഴിഞ്ഞതെങ്കിൽ ഇത്രയും കാലം അവളുടെ കുടുംബം എന്തുകൊണ്ട് തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം ചോദിക്കുന്നു.

വാഹനത്തിന് ഷോർട്ട് സർക്യൂട്ട് അല്ല സംഭവിച്ചതെന്നും ഉള്ളിൽ നിന്നാണ് തീ പടർന്നതെന്നും ഫോറൻസിക് സംഘം സ്ഥിരീകരിച്ചു. കാർ ഓടിച്ചിരുന്ന റിജൻലാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടപ്പോൾ പുറകിലെ സീറ്റിലിരുന്ന ഗർഭിണിയായ സോന സെൻട്രൽ ലോക്കിംഗ് സംവിധാനത്തിൽ കുടുങ്ങി പുറത്തിറങ്ങാനാകാതെ വെന്തുമരിക്കുകയായിരുന്നു.

ഗർഭിണിയായ ഒരു സ്ത്രീ ഒരിക്കലും സ്വന്തം ജീവനൊടുക്കില്ലെന്നും ഇത് റിജിൽലാൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണെന്നും സോനയുടെ കുടുംബം ഉറപ്പിച്ചു പറയുന്നു. കുടുംബം ഉന്നയിച്ച ഗാർഹിക പീഡന ആരോപണങ്ങളിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.