Thanks for watching! Content unlocked for this session.

പത്തനംതിട്ടയിൽ വീട്ടുമുറ്റത്തെ തെങ്ങുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ കെഎസ്ഇബി വെട്ടിനശിപ്പിച്ചു

പത്തനംതിട്ട കവിയൂർ ഞാലികണ്ടത്തിൽ ആൾതാമസമില്ലാത്ത വീട്ടുമുറ്റത്ത് നിന്നിരുന്ന ഏഴോളം തെങ്ങുകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ചു. വിദേശത്ത് താമസിക്കുന്ന ഡോക്ടർ ജേക്കബ് ഉമ്മന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ തെങ്ങുകളാണ് കെഎസ്ഇബി തോട്ടംഭാഗം സെക്ഷനിലെ ജീവനക്കാർ വെട്ടിമാറ്റിയത്. ലൈനിന് തടസ്സമാകുന്നു എന്ന് പറഞ്ഞാണ് നടപടിയെങ്കിലും, തങ്ങൾക്കോ കെയർ ടേക്കർക്കോ യാതൊരുവിധ മുൻകൂർ നോട്ടീസോ അറിയിപ്പോ നൽകിയിരുന്നില്ലെന്ന് വീട്ടുടമസ്ഥൻ ആരോപിക്കുന്നു.

2019-ൽ വാങ്ങി നട്ട, നാല് വർഷത്തോളം പ്രായമുള്ള കുള്ളൻ ഇനം തെങ്ങുകളാണ് വെട്ടി നശിപ്പിച്ചത്. ഈ വർഷം കായ്ക്കാറായ അഞ്ചടിയോളം മാത്രം ഉയരമുള്ള ഈ തെങ്ങുകൾ മതിലിൽ നിന്നും വൈദ്യുതി ലൈനിൽ നിന്നും ആവശ്യത്തിന് അകലം പാലിച്ചാണ് നട്ടിരുന്നത്. കെയർ ടേക്കർ ഉച്ചഭക്ഷണം കഴിക്കാൻ പോയ സമയത്താണ് കെഎസ്ഇബി സംഘമെത്തി ജെസിബി ഉപയോഗിച്ച് തെങ്ങുകൾ വെട്ടിയിട്ടത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ കളക്ടറുടെ ഉത്തരവുണ്ടെന്നാണ് ഉദ്യോഗസ്ഥർ മറുപടി നൽകിയത്.

വേനൽക്കാലത്ത് പോലും കൃത്യമായി വെള്ളമൊഴിച്ച് വളർത്തിയെടുത്ത തെങ്ങുകളാണ് കെഎസ്ഇബി നശിപ്പിച്ചത്. ലൈനിന് സമീപത്തേക്ക് വളരാൻ വർഷങ്ങൾ എടുക്കുന്ന ഈ തൈകൾ നശിപ്പിച്ചതിൽ വലിയ വിഷമത്തിലാണ് കുടുംബം. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ഇബി അധികൃതർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഡോക്ടർ ജേക്കബ് ഉമ്മന്റെയും കുടുംബത്തിന്റെയും തീരുമാനം.