Thanks for watching! Content unlocked for this session.

KSRTC ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര; ഓർഡിനറി ബസുകളിൽ മാത്രം അനുവദിക്കാൻ സാധ്യത

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രമാക്കുന്നത് സർക്കാർ പരിഗണനയിൽ. സംസ്ഥാനത്ത് 4,625 കെഎസ്ആർടിസി ബസുകളുണ്ട്, ഇതിൽ 2,500 ഓളം ഓർഡിനറി ബസുകളാണ്.

വരുമാന പരിധിയില്ലാതെ എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്രയാണ് സർക്കാർ ആലോചിക്കുന്നത്. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ ഈ യാത്ര നടപ്പാക്കുക എന്നതാണ് ലക്ഷ്യം. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും സിറ്റിയിൽ നിന്ന് ചെറിയ ചെറിയ സർവീസുകൾ നടത്തുന്ന ഓർഡിനറി ബസുകളിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.

കെഎസ്ആർടിസിയിലെ ഏകദേശം 1.23 ലക്ഷം യാത്രക്കാരിൽ 50 ശതമാനവും സ്ത്രീ യാത്രക്കാരാണ്. ഇതുമായി ബന്ധപ്പെട്ട് ടിക്കറ്റിൽ ജെൻഡർ രേഖപ്പെടുത്തിയുള്ള ജൻഡർ ടിക്കറ്റിങ് സംവിധാനം നിലവിലുണ്ട്. ഈ കണക്കെടുപ്പ് ഇന്നും ആരംഭിച്ചിട്ടുണ്ട്.

രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രി കെഎസ്ആർടിസി എംഡിയുമായി കൂടിക്കാഴ്ച നടത്തുകയും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജൂൺ 15 മുതൽ സംസ്ഥാനത്ത് ഈ സർവീസ് ആരംഭിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അന്തിമ തീരുമാനം കണക്കെടുപ്പിനും റിപ്പോർട്ടിനും ശേഷമായിരിക്കും.