മുൻ മന്ത്രിയും തവനൂർ മുൻ എംഎൽഎയുമായ കെ.ടി. ജലീൽ സിപിഐഎമ്മിൽ ഔദ്യോഗികമായി അംഗത്വമെടുത്തു. ഇനി താൻ പാർട്ടിയുടെ വെറുമൊരു സഹയാത്രികനല്ല, മറിച്ച് പാർട്ടിയുടെ ഭാഗമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്.
2006 മുതൽ സിപിഐഎമ്മുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന ജലീൽ, തനിക്ക് വലിയ പിന്തുണയും കരുത്തും നൽകിയ പ്രസ്ഥാനമാണിതെന്ന് ഓർമ്മിപ്പിച്ചു. മലപ്പുറം ജില്ലയിൽ നിന്ന് തുടർച്ചയായി നാല് തവണ എംഎൽഎയാകാനും അഞ്ച് വർഷം മന്ത്രിയായി പ്രവർത്തിക്കാനും അവസരം നൽകിയ പാർട്ടിയോട് എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സെക്രട്ടറിമാരായിരുന്ന പിണറായി വിജയനും എം.വി. ഗോവിന്ദനും നയിച്ച സംസ്ഥാന ജാഥകളിൽ തന്നെ അംഗമാക്കിയത് പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധികാരം ഉള്ളപ്പോഴല്ല, മറിച്ച് പാർട്ടി കടുത്ത വിമർശനങ്ങളും പ്രതിസന്ധികളും നേരിടുന്ന ഘട്ടത്തിലാണ് താൻ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുന്നതെന്ന് ജലീൽ വ്യക്തമാക്കി. വർഗീയ-ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ദുർബല വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും സംരക്ഷണം നൽകാൻ സിപിഐഎം ശക്തമായി നിലനിൽക്കേണ്ടതുണ്ട്. വിശ്വാസികൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകാൻ കഴിയില്ലെന്ന പ്രചരണങ്ങളെ തള്ളിക്കളഞ്ഞ അദ്ദേഹം, താനും ഭാര്യയും പാർട്ടിയിൽ ചേർന്നത് വർഗീയതയ്ക്കും ചൂഷണ രാഷ്ട്രീയത്തിനും എതിരെയുള്ള നിലപാടിന്റെ ഭാഗമാണെന്നും വ്യക്തമാക്കി.