Thanks for watching! Content unlocked for this session.

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാന്റെ ആക്രമണം: ഇന്ത്യൻ സ്വദേശി കൊല്ലപ്പെട്ടു, ഗൾഫിൽ കനത്ത ജാഗ്രത

കുവൈറ്റിലും ബഹ്റൈനിലും യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെട്ടു. പുലർച്ചെയുണ്ടായ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ വിമാനത്താവളത്തിന്റെ പ്രധാന ടെർമിനലിന് കാര്യമായ നാശനഷ്ടം സംഭവിക്കുകയും ഇതേത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.

ഇറാൻ തുറമുഖങ്ങളിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ച് നീങ്ങാൻ ശ്രമിച്ച ബോട്സ്വാന പതാകയുള്ള ‘എംടി ലെക്സി’ എന്ന എണ്ണക്കപ്പലിന് നേരെ അമേരിക്ക മിസൈൽ ആക്രമണം നടത്തിയതാണ് പുതിയ സംഘർഷങ്ങൾക്ക് കാരണമായത്. ഇതിന് പ്രതികാരമായി കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ് കോപ്സ് (IRGC) ഒരേസമയം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഇറാന്റെ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തകർത്തതായി യുഎസ് സെൻട്രൽ കമാൻഡും കുവൈറ്റ് സൈന്യവും അറിയിച്ചു. എന്നാൽ മിസൈലുകൾ ആകാശത്തുവെച്ച് തകർത്തപ്പോഴുണ്ടായ ഉഗ്രസ്ഫോടന ശബ്ദങ്ങൾ ജനങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. വിമാനത്താവളത്തിന് തൊട്ടടുത്തുള്ള അബ്ബാസിയ (ജലീബ്) ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളി പ്രവാസികൾ അർദ്ധരാത്രിയിൽ മുഴങ്ങിയ അപായ സൈറണുകളെ തുടർന്ന് ആശങ്കയിലായി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബഹ്റൈനും തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചിട്ടുണ്ട്.