ജിസിസിയിലെ ലുലു സ്റ്റോറുകളിൽ ലുലു മാംഗോ മാനിയക്ക് തുടക്കമായി. 85ലധികം മാമ്പഴ വൈവിധ്യങ്ങളും വിഭവങ്ങളുമാണ് ലുലു മാംഗോ മാനിയയിൽ അവതരിപ്പിച്ചിരിക്കുന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി, അപ്പേഡ സെക്രട്ടറി ഡോക്ടർ സുദാൻഷു എന്നിവരുടെ സാന്നിധ്യത്തിൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോക്ടർ ദീപക് മുത്തൽ ലുലു മാംഗോ മാനിയയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഗുജറാത്തിലെ ജുനഗഢിൽ നിന്നുള്ള മാമ്പഴങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ജിഐ ടാഗുള്ള കേസർ മാമ്പഴങ്ങളാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം. യുഎഇ സന്ദർശനത്തിനിടെ പ്രസിഡന്റ് ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ച കേസർ മാമ്പഴങ്ങളുടെ മേന്മ വലിയ ശ്രദ്ധ നേടിയിരുന്നു.
അൽഫോൺസോ, ബദാമി, നീലം, മൽഗോവ തുടങ്ങി വൈവിധ്യമാർന്ന ഇന്ത്യൻ മാമ്പഴങ്ങളാണ് പ്രദർശനത്തിലുള്ളത്. കേരളമടക്കം ഇന്ത്യയിലെ വിവിധ മേഖലകളിൽ നിന്നുള്ള മാമ്പഴങ്ങൾ ഇതിലുണ്ട്. ഇന്ത്യയും യുഎഇയും തമ്മിലുള്ള മികച്ച വാണിജ്യ ബന്ധത്തിന്റെ പ്രതിഫലനമാണ് ലുലു മാംഗോ മാനിയ എന്ന് ഇന്ത്യൻ അംബാസഡർ ഡോക്ടർ ദീപക് മെത്തൽ വ്യക്തമാക്കി.
23ആം വർഷമാണ് മാംഗോ ഫെസ്റ്റിവൽ ലുലു സംഘടിപ്പിക്കുന്നതെന്നും ഇത്തവണ 3,200 ടൺ മാമ്പഴങ്ങളാണ് ജിസിസിയിൽ ലഭ്യമാക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറഞ്ഞു. ഇന്ത്യൻ ഉൽപന്നങ്ങൾക്കും കർഷകർക്കും ഏറ്റവും മികച്ച പിന്തുണയാണ് ലുലു നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ആഗോളവിപണിയാണ് ലുലു മാംഗോ ഫെസ്റ്റിലൂടെ ലഭിക്കുന്നതെന്ന് ലുലു അപ്പേഡ സെക്രട്ടറി ഡോക്ടർ സുദാൻഷു പറഞ്ഞു. മാങ്ങയും മാമ്പഴങ്ങൾ കൊണ്ടുള്ള വൈവിധ്യമാർന്ന വിഭവങ്ങളും ഉപഭോക്താക്കളെ ലുലു സ്റ്റോറുകളിൽ കാത്തിരിക്കുന്നു.