ഉത്തരാഖണ്ഡിലെ ദയാറ ബുഖയാലിലേക്ക് ട്രക്കിങ്ങിന് പോയ 27 വയസ്സുകാരിയായ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം പിന്നിടുന്നു. നൈനിറ്റാൾ സ്വദേശിനിയായ ബബിതയെയാണ് ട്രക്കിങ്ങിനിടെ കാണാതായത്. യുവതിയെ കണ്ടെത്താനായി സൈന്യവും ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളും സംയുക്തമായി വിപുലമായ തിരച്ചിൽ നടത്തിവരികയാണ്.
മെയ് 25നാണ് ബബിത സുഹൃത്തുക്കളായ ഹർമൻപാൽ സിംഗ്, ഹർമൻ പ്രീത് സിംഗ് എന്നിവർക്കൊപ്പം യാത്ര തിരിച്ചത്. ഹർസിൽ, ഗംഗോത്രി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മെയ് 28നാണ് ഇവർ റൈത്താലിൽ എത്തിയത്. ഇവിടെ നിന്നാണ് ബബിതയുടെ അവസാന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ബബിതയ്ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഡോഗ് സ്ക്വാഡ്, ഡ്രോൺ സംവിധാനങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് ദുരന്ത നിവാരണ സേനകളും സൈന്യവും നിലവിൽ പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്.