ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി ശക്തമാകുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി യുഎഇ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ വ്യോമാതിർത്തികൾ അടയ്ക്കുകയും വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തതോടെ മേഖലയിലെ വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
ഗൾഫ് രാജ്യങ്ങളിലെ അടിയന്തര സാഹചര്യം കേരളത്തിൽ നിന്നുള്ള സർവീസുകളെയും ബാധിച്ചിട്ടുണ്ട്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 122 യാത്രക്കാരുമായി ബഹ്റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അവസാന നിമിഷമാണ് റദ്ദാക്കിയത്. ഇറാന്റെ മിസൈൽ ആക്രമണത്തിൽ കുവൈത്ത് വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചതായാണ് വിവരം. ഇതിനെത്തുടർന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ രാജ്യത്തിന്റെ വ്യോമാതിർത്തി പൂർണ്ണമായി അടച്ചു. എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ, കുവൈറ്റ് എയർവേസ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കുകയും യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പോകരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഇറാനിയൻ എണ്ണ ടാങ്കറിന് നേരെ ആക്രമണം നടത്തി യുഎസ് വെടിനിർത്തൽ കരാർ ലംഘിച്ചതായി ടെഹ്റാൻ ആരോപിച്ചതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഇതിന് തിരിച്ചടിയായി മേഖലയിലെ വിവിധ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. നിലവിൽ ബഹ്റൈൻ ഉൾപ്പെടെയുള്ള വിവിധ അറബ് രാജ്യങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുന്നുണ്ട്. ലോകത്തെ ഏറ്റവും തിരക്കേറിയ വ്യോമയാന പാതകളിലൊന്നായ പേർഷ്യൻ ഗൾഫിലെ ഈ പ്രതിസന്ധി പ്രവാസികളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.