Thanks for watching! Content unlocked for this session.

കേരളത്തിൽ മിൽമ പാലിനും വാണിജ്യ എൽപിജിക്കും വില വർദ്ധിച്ചു

കേരളത്തിൽ സാധാരണക്കാർക്ക് വൻ തിരിച്ചടിയായി മിൽമ പാലിനും വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിനും വില വർദ്ധിച്ചു. മിൽമ പാൽ ലിറ്ററിന് 4 രൂപയും വാണിജ്യ ഗ്യാസ് സിലിണ്ടറിന് 46 രൂപയുമാണ് ഇന്ന് മുതൽ വർദ്ധിച്ചത്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല എന്നത് മാത്രമാണ് ഏക ആശ്വാസം.

പുതിയ നിരക്ക് പ്രകാരം തൈരിന് കിലോഗ്രാമിന് 10 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ കവറുകൾ അച്ചടിച്ചു വരുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകളിലായിരിക്കും പാൽ ലഭ്യമാകുകയെങ്കിലും ഉപഭോക്താക്കളിൽ നിന്ന് പുതുക്കിയ നിരക്കായിരിക്കും ഈടാക്കുക. നെയ്യ് ഉൾപ്പെടെയുള്ള മറ്റ് മിൽമ ഉൽപ്പന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില വർദ്ധിക്കുമെന്നാണ് സൂചന.

പാലിനും വാണിജ്യ ഗ്യാസിനും ഒരേസമയം വില കൂടിയതോടെ ഹോട്ടൽ ഭക്ഷണത്തിനും ചായക്കുമെല്ലാം വില ഉയരുകയാണ്. പല ചെറിയ ചായക്കടകളിലും ചായയുടെ വില 12 രൂപയിൽ നിന്നും 15 രൂപയായി ഉയർത്താൻ വ്യാപാരികൾ നിർബന്ധിതരായിരിക്കുകയാണ്. നഷ്ടം സഹിച്ച് ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് ചെറുകിട കച്ചവടക്കാർ വ്യക്തമാക്കുന്നത്.