Thanks for watching! Content unlocked for this session.

കേരളത്തിനാകെ ഈ ഒരാളെ വേണം എന്ന് തോന്നാനുള്ള കാരണമെന്തെന്ന് ഞാൻ ആലോചിച്ചു: മോഹൻലാൽ

മലയാളത്തിന്റെ സ്വന്തം മോഹൻലാൽ പറവൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ മുഖ്യമന്ത്രി വിഡി സതീശനെ കുറിച്ച് സംസാരിച്ചു. കേരളത്തിനാകെ ഈ ഒരാളെ വേണം എന്ന് തോന്നാനുള്ള കാരണമെന്താണെന്ന് താൻ ഏറെ ആലോചിച്ചതായി അദ്ദേഹം പറഞ്ഞു.

സത്യസന്ധതയും സൗമ്യതയുമാണ് സതീശൻ സാറിനെ വ്യത്യസ്തനാക്കുന്നതെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. ജീവിതത്തിൽ മറ്റെന്തൊക്കെ കൈമോശം വന്നാലും ഈ രണ്ടു കാര്യങ്ങളും കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിച്ചു. കേരളത്തിന്റെ പ്രകൃതി ഭംഗിയെയും വിഭവങ്ങളെയും കുറിച്ച് വിശദീകരിച്ച അദ്ദേഹം, ഇവ ഫലപ്രദമായി വിനിയോഗിക്കാൻ നമുക്ക് സാധിച്ചിട്ടില്ല എന്ന അഭിപ്രായവും പങ്കുവച്ചു.

കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളായി മോഹൻലാൽ ചൂണ്ടിക്കാട്ടിയത് റോഡ് സുരക്ഷ, മാലിന്യ സംസ്കരണം, മയക്കുമരുന്ന് വ്യാപനം എന്നിവയാണ്. യുദ്ധത്തിൽ മരിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ കേരളത്തിലെ റോഡുകളിൽ മരിക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും, സ്കൂൾ കവാടങ്ങൾ വരെ മയക്കുമരുന്ന് എത്തിയിരിക്കുന്നു എന്നത് ഗുരുതരമായ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

സിംഗപ്പൂരിന്റെ സ്രഷ്ടാവ് ലീ കുവാൻ യൂവിന്റെ സ്വപ്നവും കഠിനാധ്വാനവും കേരളത്തിനും പ്രചോദനമാകട്ടെ എന്ന് ആശംസിച്ച മോഹൻലാൽ, പുതിയ മുഖ്യമന്ത്രിക്കും സർക്കാരിനും പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. “ധീരമായി ഞങ്ങളെ മുന്നിൽ നിന്ന് നയിക്കുക. നമുക്കൊന്നായി ഈ കേരളത്തെ മാറ്റിയെടുക്കാം” എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.