തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിൽ അധികാരത്തിലേറിയതിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ശക്തമാകുന്നു. കമ്പം എംഎൽഎ ജഗന്നാഥ മിശ്രയാണ് അണക്കെട്ടിലെ അധികജലം വിട്ടുകിട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. നിലവിൽ മുല്ലപ്പെരിയാറിലെ അധികജലം ഇടുക്കി ഡാമിൽ എത്തി അവിടെ നിന്ന് അറബിക്കടലിൽ പതിക്കുകയാണെന്നും ഇത് തമിഴ്നാടിന് നഷ്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അണക്കെട്ടിന്റെ സംഭരണശേഷി വർദ്ധിപ്പിക്കേണ്ടതില്ലെന്നും കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിൽ കാര്യങ്ങൾ നീക്കണമെന്നും മിശ്ര വ്യക്തമാക്കി. മുല്ലപ്പെരിയാർ വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും കേരളത്തിലെ ജനങ്ങൾ സഹോദരന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ കോൺഗ്രസ് സർക്കാരും തമിഴ്നാട്ടിലെ ടിവികെ സർക്കാരും തമ്മിൽ നല്ല ബന്ധമാണെന്നും ഇരു സംസ്ഥാനങ്ങൾക്കും ഗുണകരമായ കാര്യങ്ങൾ നടക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും മംഗളാദേവി ക്ഷേത്രം തുറക്കുമെന്നുമുള്ള വാഗ്ദാനങ്ങളാണ് ടിവികെ നൽകിയത്. തേനി ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടിടത്ത് ടിവികെ വിജയിച്ചു. കർഷക സംഘടനകളുടെ പിന്തുണ ലഭിച്ച ടിവികെ, വിജയിച്ചാൽ മുല്ലപ്പെരിയാർ വിഷയത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയിരുന്നു.