Thanks for watching! Content unlocked for this session.

വണ്ടികളിലെ മോഡിഫിക്കേഷന് ഇളവുകളുമായി മോട്ടോർ വാഹന വകുപ്പ്; 18 മാറ്റങ്ങൾക്ക് അനുമതി നൽകാൻ ശുപാർശ

സംസ്ഥാനത്തെ വാഹനപ്രേമികൾക്ക് ആശ്വാസമായി വാഹനങ്ങളിൽ 18 തരത്തിലുള്ള ചെറുകിട മോഡിഫിക്കേഷനുകൾ അനുവദിക്കാൻ മോട്ടോർ വാഹന വകുപ്പ് ശുപാർശ സമർപ്പിച്ചു. സ്റ്റിക്കറുകൾ പതിക്കാനും അധിക ലൈറ്റുകൾ ഘടിപ്പിക്കാനും അനുമതി നൽകുന്നതാണ് ഈ നിർദ്ദേശം. ഗതാഗത കമ്മീഷണർ തയ്യാറാക്കിയ പഠന റിപ്പോർട്ട് പരിശോധിച്ച് സർക്കാർ ഇതിൽ അന്തിമ തീരുമാനമെടുക്കും.

പുതിയ ശുപാർശ പ്രകാരം വാഹനങ്ങളിൽ അധിക സ്പീക്കറുകൾ ഘടിപ്പിക്കാൻ അനുവാദമുണ്ടാകും. എന്നാൽ റോഡുകളിൽ അനുവദനീയമായ ശബ്ദപരിധി ലംഘിക്കാതിരിക്കാൻ സ്പീക്കറുകളുടെ ഡെസിബെൽ അളവിൽ കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. വാഹനങ്ങളുടെ നിറം മാറ്റുന്നതിന് നിലവിലുള്ള നിയമപ്രകാരം മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള ഫീസ് അടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടി വരും.

സാധാരണ കാറുകളെ സ്പോർട്സ് കാറുകളാക്കി മാറ്റുന്ന തരത്തിലുള്ള വലിയ മോഡിഫിക്കേഷനുകൾക്കൊന്നും മോട്ടോർ വാഹന വകുപ്പ് അനുമതി നൽകാൻ സാധ്യതയില്ല. നിലവിൽ ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട് സമർപ്പിച്ചിട്ടേയുള്ളൂ എന്നും സർക്കാർ ഇത് പരിശോധിച്ച് അന്തിമ അനുമതി നൽകിയതിന് ശേഷം മാത്രമേ ഈ ഇളവുകൾ ഔദ്യോഗികമായി നിലവിൽ വരൂ എന്നും അധികൃതർ വ്യക്തമാക്കുന്നു.