തിരുവനന്തപുരം നാലാഞ്ചിറയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ഹസീനയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സുരേഷ് ഒളിവിൽ പോയി. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ സുരേഷ് തന്റെ മൂത്തമകൾ അമൃതയെ ഫോണിൽ വിളിച്ച്, താൻ ഇനി മടങ്ങിവരില്ലെന്നും ഇളയ കുട്ടികളെ നന്നായി നോക്കണമെന്നും ആവശ്യപ്പെട്ടതായി നാട്ടുകാർ പറയുന്നു.
വട്ടിയൂർക്കാവ് സ്വദേശിയായ സുരേഷും മണക്കാട് സ്വദേശിനിയായ ഹസീനയും 19 വർഷം മുൻപാണ് പ്രണയിച്ച് വിവാഹിതരായത്. ഇവർക്ക് നാല് മക്കളാണുള്ളത്. സുരേഷിന്റെ സംശയരോഗവും കുടുംബകലഹവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. കഴിഞ്ഞ ദിവസം ഹസീന ഒരു സുഹൃത്തിനൊപ്പം പുറത്തുപോയതിനെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് മണ്ണന്തല പോലീസ് ഇരുവരേയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്നങ്ങൾ പരിഹരിച്ച് വിട്ടയച്ചിരുന്നു. എന്നാൽ വീട്ടിലെത്തി 24 മണിക്കൂർ തികയുന്നതിന് മുൻപാണ് ഈ ക്രൂരകൃത്യം നടന്നത്.
പുലർച്ചെ വീട്ടിൽ വലിയ ബഹളം കേട്ട് ഉണർന്ന കുട്ടികളാണ് മുകൾ നിലയിലെ മുറിയിൽ ചോരയിൽ കുളിച്ചുകിടക്കുന്ന അമ്മയെ കണ്ടത്. പത്താം ക്ലാസിൽ പഠിക്കുന്ന മകനാണ് വിവരം പോലീസിൽ വിളിച്ചറിയിച്ചത്. ഒളിവിൽ പോയ പ്രതി സുരേഷിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.