Thanks for watching! Content unlocked for this session.

നവകേരള ബസ് ഡ്രൈവറുടെ മൊഴി പുറത്ത്; മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം പ്രതിരോധത്തിൽ

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിന് കനത്ത തിരിച്ചടി നൽകി ബസ് ഡ്രൈവറുടെ മൊഴി പുറത്ത്. യാത്രയിലുടനീളം മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച പ്രത്യേക ബസിന് നേരെ യാതൊരുവിധ ആക്രമണവും ഉണ്ടായിട്ടില്ലെന്ന് ഡ്രൈവർ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകി. പ്രതിഷേധക്കാർ ബസ് ആക്രമിച്ചതിനാലാണ് ഇടപെട്ടതെന്ന സുരക്ഷാ ജീവനക്കാരുടെ വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.

ബസിന് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ എഞ്ചിനീയറും അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. 2023 ഡിസംബർ 15-ന് ആലപ്പുഴയിൽ വെച്ച് നിലവിലെ എം.എൽ.എ കൂടിയായ എ.ഡി. തോമസ്, അജയ് ജുവൽ കുര്യാക്കോസ് എന്നിവരെ ക്രൂരമായി മർദ്ദിച്ച സുരക്ഷാ ജീവനക്കാർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സുരക്ഷാ സംഘം ഉപയോഗിച്ച ചൂരൽ വടികൊണ്ടുള്ള അടി മരണത്തിന് വരെ കാരണമായേക്കാമെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നരഹത്യാശ്രമം കൂടി കേസിൽ ഉൾപ്പെടുത്തിയത്.

കള്ളവാദങ്ങൾ പൊളിഞ്ഞതോടെ കുറ്റക്കാരായ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ മാത്രമല്ല, ജോലിയിൽ നിന്ന് പിരിച്ചുവിടൽ വരെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നാണ് സൂചന. വധശ്രമക്കേസിൽ പ്രതിയായ ഗൺമാനെ വീണ്ടും സുരക്ഷയ്ക്കായി നിയമിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അന്വേഷണം നീളണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.