നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി അഷ്കറിനെതിരെയും കുട്ടിയുടെ അമ്മ അഖിലയ്ക്കെതിരെയും ഗുരുതര വെളിപ്പെടുത്തലുകൾ പുറത്ത്. ക്രൂരമായ മർദ്ദനമേറ്റ് കുഞ്ഞ് മരണപ്പെട്ട സംഭവം വലിയ ജനരോഷത്തിന് കാരണമായിരിക്കുകയാണ്. പ്രതി മുൻപും സമാനമായ രീതിയിൽ ക്രൂരതകൾ കാട്ടിയിരുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
അഷ്കറിന്റെ ആദ്യ ഭാര്യയായ ആമിനയുടെ മാതാവ് പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ക്യാൻസർ രോഗിയായ തന്റെ മകളെ അഷ്കർ ക്രൂരമായി മർദ്ദിച്ചിരുന്നതായും, ഇതിനെതിരെ പഞ്ചായത്ത് മെമ്പറുടെ സഹായത്തോടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പലതവണ പരാതി നൽകിയിട്ടും പോലീസ് അഷ്കറിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും അവർ വെളിപ്പെടുത്തി. അന്ന് കൃത്യമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
കുട്ടിയുടെ അച്ഛന്റെ മരണശേഷം കുഞ്ഞിനെ ഏറ്റെടുക്കാൻ പിതാമഹൻ മൂന്ന് മാസത്തോളം ശ്രമിച്ചെങ്കിലും അഷ്കറും കുട്ടിയുടെ അമ്മയും ചേർന്ന് അതിന് അനുവദിച്ചില്ലെന്ന് വ്യക്തമായിട്ടുണ്ട്. കുഞ്ഞിന്റെ ശരീരത്തിൽ 51 മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും, കൈകൾ ഒടിഞ്ഞ നിലയിലും കാലുകളിൽ പൊള്ളലേറ്റ നിലയിലും കുഞ്ഞിനെ മുൻപ് അയൽവാസികൾ കണ്ടിരുന്നുവെന്നും വിവരങ്ങൾ പുറത്തുവരുന്നു.