നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ മരണത്തിൽ ക്രൂരമായ പീഡനവിവരങ്ങൾ വെളിപ്പെടുത്തി അമ്മൂമ്മ രംഗത്ത്. കുട്ടിയുടെ അമ്മ അഖിലയും പങ്കാളി അഷ്കറും ചേർന്ന് കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും അമ്മൂമ്മ ആരോപിക്കുന്നു.
കുട്ടിയുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെട്ട് താൻ നേരത്തെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി അമ്മൂമ്മ വെളിപ്പെടുത്തി. കുഞ്ഞിന്റെ രണ്ടു കൈകളിലും പ്ലാസ്റ്റർ ഇട്ട നിലയിൽ കണ്ടപ്പോഴാണ് ഇവർക്ക് ശക്തമായ സംശയം തോന്നിയത്. സൈക്കിളിൽ നിന്ന് വീണതാണെന്നാണ് കുട്ടിയുടെ അമ്മയും പങ്കാളിയും പറഞ്ഞതെങ്കിലും മുഖത്ത് ഒരു പോറൽ പോലും ഇല്ലാതിരുന്നത് സംശയം വർദ്ധിപ്പിച്ചു. കുഞ്ഞിനെ തനിക്ക് വിട്ടുതരണമെന്ന് ഡിവൈഎസ്പിയോട് അപേക്ഷിച്ചെങ്കിലും കുട്ടിയെ വിട്ടുനൽകാൻ അമ്മ തയ്യാറായില്ല.
ഒടുവിൽ കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞ് ആശുപത്രിയിൽ എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. മോർച്ചറിയിൽ വെച്ച് കുഞ്ഞിന്റെ മൃതദേഹം കണ്ടപ്പോൾ ശരീരമാസകലം ക്രൂരമായ മർദ്ദനമേറ്റ പാടുകളും ജനനേന്ദ്രിയത്തിൽ കടുത്ത നീരും തടിപ്പും കണ്ടെത്തിയതായി അവർ പറഞ്ഞു. കുഞ്ഞിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നിയമനടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.