തിരുവനന്തപുരം നെടുമങ്ങാട് കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ അർഷിദിനെ രണ്ടാൻ അച്ഛൻ അഷ്കർ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. പെരുന്നാളിന്റെ പിറ്റേ ദിവസമാണ് നെല്ലിക്കുന്ന് പ്രദേശത്തെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കുഞ്ഞിനെ ഭിത്തിയിൽ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ആഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അഷ്കർ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആന്തരിക രക്തസ്രാവം ഉണ്ടായ കുഞ്ഞിനെ അബോധാവസ്ഥയിൽ അഷ്കർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞിന്റെ തൊണ്ടയിൽ ചോറ് കുടുങ്ങിയതാണെന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞിരുന്നത്.
സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മ അഖില ഡാൻസ് പരിപാടിക്കായി പുറത്തുപോയിരിക്കുകയായിരുന്നു. കുട്ടിയുടെ മരണവാർത്തയറിഞ്ഞ് പ്രകോപിതരായ നാട്ടുകാർ പ്രതിയായ അഷ്കറിന്റെ ടാക്സി വാഹനം അടിച്ചുതകർത്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.