നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി അഷ്കർ മുൻപും സമാനമായ ക്രൂരതകൾ കാട്ടിയ കൊടും ക്രിമിനലാണെന്ന വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. ശാരീരിക പീഡനങ്ങളെ തുടർന്ന് പതിനെട്ടാം വയസ്സിൽ കോമയിലായ അഷ്കറിന്റെ ആദ്യ ഭാര്യ ആമിന കഴിഞ്ഞ രണ്ട് വർഷമായി മരണത്തോട് മല്ലടിച്ച് ചികിത്സയിലാണ്.
ആമിനയുടെ തല ഭിത്തിയിൽ ഇടിപ്പിക്കുകയും, ക്ലോസറ്റിൽ തലയിടുവിക്കുകയും, വിഷം നൽകിയ ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പെൺകുട്ടിയുടെ കുടുംബം വെളിപ്പെടുത്തുന്നു. തലച്ചോറിലേറ്റ കടുത്ത ആഘാതം കാരണം രക്തം കട്ടപിടിച്ച് ട്യൂമർ ബാധിച്ച ആമിനയ്ക്ക് ഇതുവരെ സംസാരിക്കാനോ നടക്കാനോ കഴിഞ്ഞിട്ടില്ല. അഷ്കറിനെതിരെ ആറോളം തവണ നെടുമങ്ങാട് പോലീസിൽ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും പെൺകുട്ടിയുടെ മാതാവ് ആരോപിക്കുന്നു.
ഇതിനിടെ, കുഞ്ഞിന്റെ മരണത്തിൽ അഖിലയുടെ ഡാൻസ് ടീച്ചറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലയുടെ മുൻ പങ്കാളിയുടെ പിതാവ് സുനിൽകുമാർ രംഗത്തെത്തിയിട്ടുണ്ട്. ഈ ഡാൻസ് ടീച്ചറാണ് അഖിലയെ അഷ്കറുമായി ബന്ധപ്പെടുത്തിയത്. അതേസമയം, പനവൂരിലെ വാടകവീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന അഷ്കറിന്റെ ടാക്സി വാഹനം ഇന്ന് പുലർച്ചെ ബൈക്കിലെത്തിയ ഒരു സംഘം അടിച്ചുതകർത്തതായും റിപ്പോർട്ടുകളുണ്ട്.