നെടുമങ്ങാട് ഒന്നര വയസ്സുകാരൻ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മരണപ്പെടുന്നതിന് മൂന്നാഴ്ച മുൻപ് മുതൽ കുട്ടി ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയായിരുന്നതായി പോലീസ് കണ്ടെത്തി. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച ക്രൂരതകളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
കുട്ടിയുടെ ശരീരത്തിൽ ബാഹ്യ പരിശോധനയിൽ മാത്രം 52 മുറിവുകളാണ് കണ്ടെത്തിയത്. ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ട്. ആറ് വാരിയെല്ലുകൾ പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. കൂടാതെ തലയോട്ടിക്കുള്ളിൽ അഞ്ചിടങ്ങളിൽ നീർക്കെട്ടും കണ്ടെത്തിയിട്ടുണ്ട്. കേസിൽ എസ്‌സി/എസ്ടി അതിക്രമ നിരോധന നിയമം കൂടി ചുമത്തിയിട്ടുണ്ടെന്നും നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നതെന്നും പോലീസ് അറിയിച്ചു.
രണ്ട് വർഷം മുൻപ് ആത്മഹത്യ ചെയ്ത അച്ഛൻ അഖിലിന്റെ കല്ലറയ്ക്ക് സമീപമാണ് കുട്ടിയെ സംസ്കരിച്ചത്. തന്റെ കൊച്ചുമകനെ ജീവനോടെ കാണാൻ തങ്ങളെ അനുവദിച്ചിരുന്നില്ലെന്ന് കുട്ടിയുടെ മുത്തശ്ശൻ സുനിൽ കുമാർ പറഞ്ഞു. പ്രതിയായ അഷ്കറിനൊപ്പം കുട്ടിയുടെ അമ്മ അഖിലയ്ക്കും പീഡനവിവരങ്ങൾ അറിയാമായിരുന്നെന്നും ഇവരുടെ മൗനസമ്മതത്തോടെയാണ് ക്രൂരത നടന്നതെന്നും പോലീസ് സംശയിക്കുന്നു.