Thanks for watching! Content unlocked for this session.

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കേരളത്തെ നടുക്കിയ നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ അതിക്രൂരമായ വിവരങ്ങളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ പുറത്തുവരുന്നത്. കുട്ടിയുടെ നെഞ്ചിലേറ്റ ശക്തമായ ചവിട്ടാണ് മരണത്തിന് പ്രധാന കാരണമായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചവിട്ടിന്റെ ആഘാതത്തിൽ കുഞ്ഞിന്റെ ഏഴ് വാരിയല്ലുകൾ ഒടിയുകയും ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

കുഞ്ഞിന്റെ ശരീരത്തിൽ ആകെ 51 മുറിവുകളാണ് കണ്ടെത്തിയിട്ടുള്ളത്. തലയിലേറ്റ ക്ഷതം അഞ്ചിടങ്ങളിൽ നീർക്കെട്ടുണ്ടാക്കി. തങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ ഒന്നര വയസ്സുകാരൻ തടസ്സമാണെന്ന് കരുതിയാണ് അമ്മ അഖിലയും പങ്കാളി അഷ്കറും ചേർന്ന് ഈ ക്രൂരത ചെയ്തത്. കുഞ്ഞ് വീണു പരിക്കേറ്റതാണെന്ന് വരുത്തിതീർക്കാൻ ഇവർ ശ്രമിക്കുകയും, മരണവിവരമറിഞ്ഞ ഉടൻ തന്നെ കുഞ്ഞിന്റെ ബാൻഡേജ് അടക്കമുള്ള വസ്തുക്കൾ കത്തിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

പ്രതിയായ അഷ്കറിനെതിരെ കൊലക്കുറ്റത്തിനും എസ്‌സി/എസ്ടി അതിക്രമം തടയൽ നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. ക്രൂരമായ മർദ്ദനം അറിഞ്ഞിട്ടും മറച്ചുവെച്ചതിന് അമ്മ അഖിലയ്‌ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുഞ്ഞിനെ നോക്കാൻ ബുദ്ധിമുട്ടാണെങ്കിൽ തങ്ങൾക്ക് നൽകണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ അതിന് തയ്യാറായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.