Thanks for watching! Content unlocked for this session.

പ്രണയിച്ച് വിവാഹം; 20-ാം ദിവസം വിഷം കഴിച്ച നവവധു മരിച്ചു

കാസർകോട്: വിവാഹം കഴിഞ്ഞ് 20-ാം ദിവസം താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ നവവധു അശ്വതി (25) വ്യാഴാഴ്ച രാത്രി മരിച്ചു. പത്തു ദിവസമായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

കുറ്റിക്കോൽ, ബേത്തൂർപാറ, വട്ടംതട്ട സ്വദേശിനിയായ അശ്വതി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു. ഒരു മാസം മുമ്പ് പറക്കളായി ചീറ്റക്കാവ് സ്വദേശി രൂപേഷുമായുള്ള പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം കാസർകോട്ട് താമസിക്കുകയായിരുന്ന ഇവരെയാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.

കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ബെള്ളൂർ പള്ളപ്പാടിയിൽ ഭർതൃമതിയായ സെറീന (27) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഗാർഹിക പീഡനമാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.