രജൗരിയിലെ ഏറ്റുമുട്ടൽ അവസാന ഘട്ടത്തിലേക്ക് കടന്നതായി സുരക്ഷാസേന അറിയിച്ചു. വനമേഖലയിലെ ഒരു ഗുഹയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്. ‘ഓപ്പറേഷൻ ഷെരുവാലി’ എന്ന് പേരിട്ടിരിക്കുന്ന സംയുക്ത സൈനിക നീക്കം ആറാം ദിവസവും തുടരുകയാണ്.
വനമേഖലയിൽ രാത്രിയിലും കനത്ത വെടിവെപ്പുണ്ടായി. ഭീകരരുടെ ഒളിത്താവളം തകർത്തെന്ന് സുരക്ഷാസേന അറിയിച്ചു. ഓപ്പറേഷൻ ആറാം ദിവസത്തിലേക്ക് കടന്നതോടെ ഭീകരർ നിലവിലുള്ള പ്രദേശം വിട്ടുപോകാൻ കഴിയാത്ത വിധം ചുറ്റപ്പെട്ടെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. പ്രത്യേക ഇന്റലിജൻസ് വിവരങ്ങളെ തുടർന്ന് ശനിയാഴ്ചയാണ് സൈന്യം, ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ് എന്നിവർ സംയുക്തമായി ഓപ്പറേഷൻ ആരംഭിച്ചത്. മൂന്നിലധികം തീവ്രവാദികൾ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് നിഗമനം. ഭീകരർ രക്ഷപ്പെടുന്നത് തടയാൻ വിപുലമായ നിരീക്ഷണ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്.