തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അതീവ സുരക്ഷാ സംവിധാനങ്ങൾ നിലനിൽക്കെ സ്വർണ്ണവും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും കാണാതായതായി റിപ്പോർട്ട്. ഭക്തർ കാണിക്കയായി സമർപ്പിച്ച 78 ഗ്രാം സ്വർണ്ണക്കട്ടികളും നാണയങ്ങളും കാണാതായ സംഭവം കേരളത്തെയും രാജ്യത്തെയും ഒരേപോലെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി എസ്. ശ്രീജിത്ത് ഐപിഎസ് സർക്കാരിന് സമർപ്പിച്ച പ്രത്യേക റിപ്പോർട്ടിലാണ് സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
ക്ഷേത്രത്തിലെ പല അമൂല്യ വസ്തുക്കളും അറ്റകുറ്റപ്പണികൾക്കായി പുറത്തേക്ക് കൊണ്ടുപോയ ശേഷം തിരികെ എത്തിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വൈരനാമം കഴിഞ്ഞ ആറു മാസമായി തിരികെ വെച്ചിട്ടില്ലെന്നും ഔദ്യോഗിക രേഖകളൊന്നുമില്ലാതെ സ്വർണ്ണവിളക്കിന് പകരം വെള്ളിവിളക്ക് സ്ഥാപിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, രാജകുടുംബവുമായി ബന്ധമുള്ളവർ സുരക്ഷാ പരിശോധനകൾ കൂടാതെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നുണ്ടെന്നും ഇത് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സംഭവിച്ച ഈ സുരക്ഷാ വീഴ്ച വിശ്വാസികളിലും പൊതുസമൂഹത്തിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ക്ഷേത്രത്തിലെ സമ്പത്തിന്റെ കൃത്യമായ ഓഡിറ്റും സുരക്ഷാ സംവിധാനങ്ങളുടെ പുനപരിശോധനയും വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.